"പലരും ഞാനൊരു പരാജയമാണെന്നു വിലയിരുത്തിയിരുന്നു"- കോപ്പ അമേരിക്ക വിജയത്തെക്കുറിച്ചു മനസു തുറന്ന് ലയണൽ മെസി


നിരവധി വർഷങ്ങൾക്കും ഒരുപാട് ഫൈനലുകൾക്കും ശേഷം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിനെപ്പറ്റിയും അർജന്റീന ടീം, ലയണൽ സ്കലോണി എന്നിവരെ കുറിച്ചും സംസാരിച്ച് ടീമിന്റെ നായകനായ ലയണൽ സ്കലോണി. കഴിഞ്ഞ ജൂലൈയിൽ കോപ്പ അമേരിക്ക നേടി ദേശീയ ടീമിനു വേണ്ടി തന്റെ ആദ്യത്തെ കിരീടമുയർത്തിയ മെസി ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അർജന്റീനയെ ഒരു കിരീടത്തിലേക്ക് നയിക്കുക കൂടിയാണു ചെയ്തത്.
"വളരെയധികം കഷ്ടപ്പാടുകൾക്കു ശേഷം ദേശീയ ടീമിനൊപ്പം ഒരു കിരീടം ഉയർത്താനായത് ഒരുപാട് സ്പെഷ്യലായ കാര്യമായിരുന്നു. അർജന്റീന ജേഴ്സിയിൽ എനിക്കങ്ങനെ തോന്നിയിട്ടില്ലെങ്കിലും ഒരു വിഭാഗം മാധ്യമപ്രവർത്തകർ ഞാനൊരു പരാജയമായാണ് കണക്കാക്കിയിരുന്നത്." മെസി ഇഎസ്പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോൾ പറഞ്ഞു.
Lionel Messi comments on the Argentina team, winning the Copa America. https://t.co/bep46fJjwE
— Roy Nemer (@RoyNemer) September 8, 2021
"ഞാൻ വിജയിച്ചതെല്ലാം പ്രധാനപ്പെട്ടവയാണ്. ക്ലബിനൊപ്പം വളരെ പെട്ടന്നു തന്നെ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കാൻ എനിക്കു ഭാഗ്യമുണ്ടായെങ്കിലും അതിനു പിന്നാലെ തിരിച്ചടികളും വന്നു കൊണ്ടിരുന്നു. ദേശീയ ടീമിൽ തിരിച്ചടികൾക്കു പിന്നാലെ തിരിച്ചടികൾ ആയിരുന്നു, അതിപ്പോഴത്തെ വിജയത്തെ വളരെ പ്രധാനപ്പെട്ടതാക്കി. അതിനു വലിയ വിലയും നൽകേണ്ടി വന്നു."
"കോപ്പ അമേരിക്ക നേടിയത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാനതു വളരെയധികം സ്വപ്നം കണ്ടിരുന്നെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസിലായിരുന്നില്ല. ആ സമയത്തുണ്ടായിരുന്ന കാര്യങ്ങളേക്കാൾ ഞാനിപ്പോഴാണ് അത് ആസ്വദിക്കുന്നതെന്നാണ് സത്യസന്ധമായ കാര്യം." മെസി പറഞ്ഞു.
"വളരെ മികച്ചൊരു ടീമാണിത്. 2019ലെ കോപ്പ അമേരിക്കയിലാണ് അത് ഉയർന്നു വന്നതെങ്കിലും 2014ലും 2015ലും അതു പോലെയൊരു ഗ്രൂപ്പുണ്ടായിരുന്നു. എന്നാൽ വിജയിക്കുമ്പോഴും തോൽക്കുമ്പോഴും അതിനെ വ്യത്യസ്ത തരത്തിൽ വിലയിരുത്തുന്നു എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്."
അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയെക്കുറിച്ച് മെസി പറഞ്ഞത് ഇങ്ങിനെയായിരുന്നു. "വളരെ ബുദ്ധിമുട്ടേറിയ സമയത്ത് ടീമിന്റെ ചുമതല ഏറ്റെടുത്തയാളാണ് അദ്ദേഹം. ടീമിൽ വിശ്വാസം പുലർത്തി അദ്ദേഹം അതിനെ വളർത്തിയെടുത്തു. എന്താണു താൻ ചെയ്യേണ്ടതെന്ന കാര്യത്തിൽ ബോധവും സ്കലോണിക്കുണ്ട്." മെസി പറഞ്ഞു നിർത്തി.
ഇന്റർനാഷണൽ ബ്രേക്കിലെ അവസാന മത്സരത്തിൽ ബൊളീവിയയെ നേരിടാൻ ഒരുങ്ങുകയാണ് ലയണൽ മെസിയും സംഘവും. മത്സരത്തിൽ ഗോൾ നേടാനായാൽ ഏറ്റവുമധികം ഗോളുകൾ അന്താരാഷ്ട്ര ഫുട്ബോളിൽ നേടിയ ലാറ്റിനമേരിക്കൻ താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ മെസിക്ക് കഴിയും.