"അയാൾ റഫറിയാകുന്ന സമയത്തെല്ലാം ഇതു ചെയ്യാറുണ്ട്"- ബ്രസീലിയൻ റഫറിക്കെതിരെ മെസി


പെറുവിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ മത്സരം നിയന്ത്രിച്ച ബ്രസീലിയൻ റഫറിയെ വിമർശിച്ച് ടീമിന്റെ നായകനായ ലയണൽ മെസി. മുന്നേറ്റനിര താരം ലൗടാരോ മാർട്ടിനസ് ആദ്യ പകുതിയിൽ നേടിയ ഒരൊറ്റ ഗോളിന്റെ പിൻബലത്തിൽ മത്സരത്തിൽ വിജയം നേടിയ അർജന്റീന തോൽവിയറിയാതെ ഇരുപത്തിയഞ്ചു മത്സരങ്ങളെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
യുറുഗ്വായ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലുണ്ടായ ആധിപത്യം ഈ മത്സരത്തിൽ അർജന്റീനക്ക് ഉണ്ടായിരുന്നില്ല. കാറ്റ് കൂടുതൽ ഉണ്ടായിരുന്നതും എതിരാളികൾ ഒട്ടും സ്പേസ് അനുവദിക്കാതെ കളിച്ചതും മത്സരത്തെ ദുഷ്കരമാക്കിയെന്നു പറഞ്ഞ മെസി ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിലാണ് ബ്രസീലിയൻ റഫറിയായ വിൽട്ടൻ സാംപായോക്കെതിരെ വിമർശനം ഉന്നയിച്ചത്.
Lionel Messi comments on Brazilian referee after Argentina’s 1-0 win. https://t.co/CZ2DcCzl31
— Roy Nemer (@RoyNemer) October 15, 2021
"ബുദ്ധിമുട്ടേറിയ മത്സരം, കളിക്കാനും ബുദ്ധിമുട്ടായിരുന്നു. വളരെ കൂടുതൽ കാറ്റ് ഉണ്ടായതും അവർ ഡീപിൽ കളിച്ച് ഒട്ടും സ്പേസ് നൽകാതിരുന്നതും ബുദ്ധിമുട്ടുണ്ടാക്കി. അയാൾ റഫറി നിൽക്കുന്ന സമയത്ത് ചെയ്യുന്നതെല്ലാം ഇത്തവണയും ചെയ്തു, ഉദ്ദേശത്തോടെ ചെയ്യുന്നതു പോലെയാണത്. പക്ഷെ, മൂന്നു പ്രധാന പോയിന്റുകൾ നേടി ഞങ്ങൾ ലക്ഷ്യത്തോട് അടുത്തു കൊണ്ടിരിക്കുന്നു." മെസി ടീം ഫോട്ടോക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആദ്യപകുതിയിൽ ലൗടാരോ മാർട്ടിനസിനെതിരായ ഫൗളിന് ലഭിക്കേണ്ട പെനാൽറ്റി നിഷേധിച്ചതും രണ്ടാം പകുതിയിൽ പെറുവിനു അനുകൂലമായി വിധിച്ച പെനാൽറ്റിയുമാണ് മെസി റഫറിക്കെതിരെ തിരിയാൻ കാരണമായതെന്നാണ് കരുതേണ്ടത്. അതേസമയം പെറുവിന് ലഭിച്ച പെനാൽറ്റി അവർക്ക് ലക്ഷ്യം കാണാനായില്ല.