Football in Malayalam

അർജന്റീനയുടെ പ്രകടനമികവ് വളർന്നു കൊണ്ടിരിക്കുന്നു, യുറുഗ്വായ്‌ക്കെതിരെ നേടിയ മികച്ച വിജയത്തിൽ പ്രതികരിച്ച് മെസി

Sreejith N
Argentina v Uruguay - FIFA World Cup 2022 Qatar Qualifier
Argentina v Uruguay - FIFA World Cup 2022 Qatar Qualifier / Marcelo Endelli/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെ നേടിയ മികച്ച വിജയത്തിൽ പ്രതികരിച്ച് അർജന്റീന നായകൻ ലയണൽ മെസി. അർജന്റീനയിൽ വെച്ചു നടന്ന മത്സരത്തിൽ ലയണൽ മെസി, റോഡ്രിഗോ ഡി പോൾ, ലൗടാരോ മാർട്ടിനസ് എന്നിവർ വല കുലുക്കിയപ്പോൾ അർജന്റീന എതിരില്ലാതെ മൂന്നു ഗോളുകളുടെ വിജയമാണ്‌ കുറിച്ചത്. ജിയോവാനി ലോ സെൽസോ രണ്ട് ഗോളിനു വഴിയൊരുക്കിയപ്പോൾ ലൗടാരോ മാർട്ടിനസും ഒരു അസിസ്റ്റ് സ്വന്തമാക്കി.

മത്സരത്തിൽ ആദ്യഗോൾ നേടി അർജന്റീനക്കു വേണ്ടി എൺപതാം ഗോൾനേട്ടം ആഘോഷിച്ച് അന്താരാഷ്‌ട്ര മത്സരങ്ങളിൽ ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മാറിയ ലയണൽ മെസി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയത്. ടീമിന്റെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനത്തെയും താരം പ്രശംസിച്ചു.

"ഞങ്ങൾ മികച്ചൊരു മത്സരമാണ് പൂർത്തിയാക്കിയത്, ഞങ്ങളുടെ പ്രകടനമികവ് വളർന്നു കൊണ്ടിരിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. പന്തു കൈവശം വെക്കാൻ ഞങ്ങൾ ശീലിച്ചു. ഇന്നത്തേത് ബുദ്ധിമുട്ടേറിയ മത്സമായിരുന്നെങ്കിലും ഞങ്ങൾക്ക് അതിൽ വിജയിക്കേണ്ടിയിരുന്നു. എല്ലാം നല്ല രീതിയിൽ തന്നെ പൂർത്തിയാവുകയും ചെയ്‌തു."

"അവസരങ്ങൾക്കായി കാത്തിരുന്ന യുറുഗ്വായ് അപകടങ്ങൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ ആദ്യഗോൾ നേടിയതോടെ ഞങ്ങൾക്ക് കൂടുതൽ സ്‌പേസുകൾ സൃഷ്‌ടിച്ചെടുക്കാനും വീണ്ടും ഗോളുകൾ കണ്ടെത്താനുമായി. മറ്റു ടീമുകളുടെ റിസൾട്ട് അറിയാവുന്നതു കൊണ്ടു തന്നെ വിജയിക്കേണ്ടത് പ്രധാനമായിരുന്നു. ഒരു മത്സരം കളിക്കാനിരിക്കെ ഏഴു പോയിന്റുകൾ നേടാൻ കഴിഞ്ഞാൽ തന്നെ മികച്ച നേട്ടമാണ്." മെസി പറഞ്ഞു.

"എമിലിയാനോ മാർട്ടിനസ് ടീമിന്റെ മുഖ്യതാരമാണ്. അവർ മുന്നേറ്റങ്ങൾ സൃഷ്ടിച്ചപ്പോഴെല്ലാം താരം പ്രതികരിച്ചിരുന്നു. ഗോളിനു മുന്നിൽ സ്വയം പ്രതിഷ്ഠിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ചൊരു ഗോൾകീപ്പറെ നമുക്ക് സ്വന്തമാണ്." മത്സരത്തിൽ ആറു സേവുകൾ നടത്തിയ ആസ്റ്റൺ വില്ല താരത്തെക്കുറിച്ച് മെസി വ്യക്തമാക്കി.

മത്സരം കാണാൻ കാണികൾ മൈതാനത്തേക്ക് തിരിച്ചു വരാൻ തുടങ്ങിയതിലും മെസി സന്തോഷം പ്രകടിപ്പിച്ചു. മത്സരത്തിൽ വിജയം നേടിയതോടെ പത്തു മത്സരങ്ങളിൽ നിന്നും 22 പോയിന്റ് നേടി ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. 28 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.

facebooktwitterreddit