Football in Malayalam

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ സമനില വഴങ്ങിയതിനോടു പ്രതികരിച്ച് ലയണൽ മെസി

Sreejith N
Argentina v Brazil - FIFA World Cup Qatar 2022 Qualifier
Argentina v Brazil - FIFA World Cup Qatar 2022 Qualifier / Daniel Jayo/GettyImages
facebooktwitterreddit

ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സമനില വഴങ്ങിയതിനോടു പ്രതികരിച്ച് അർജന്റീനയുടെ നായകനായ ലയണൽ മെസി. അർജന്റീനയിൽ വെച്ചു നടന്ന മത്സരം വാശിയേറിയതായിരുന്നെങ്കിലും രണ്ടു ടീമുകൾക്കും ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.

പരിക്കിൽ നിന്നും പൂർണനായി മുക്തനാവാതെ ദേശീയ ടീമിനൊപ്പം ചേർന്ന മെസി യുറുഗ്വായ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയതെങ്കിലും ബ്രസീലിനെതിരെ മുഴുവൻ സമയവും കളിച്ചിരുന്നു. മത്സരത്തിനു ശേഷം തന്റെ ഫിറ്റ്നസിനെ കുറിച്ചും പിഎസ്‌ജി താരം പറഞ്ഞു.

"ഞാൻ താളം വീണ്ടെടുത്തു കൊണ്ടിരിക്കയാണ്. ഞങ്ങളെല്ലാ സമയത്തും ഞങ്ങൾക്ക് കഴിയുമെന്നു തന്നെയാണ് കരുതുന്നത്, ഞങ്ങൾ കളിക്കാൻ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല. അവരും പ്രത്യാക്രമണങ്ങളിലൂടെ കളിക്കാൻ ശ്രമിച്ചു. പ്രധാനപ്പെട്ട കാര്യം ഞങ്ങൾ തോറ്റില്ലെന്നതാണ്. ഞങ്ങൾ ലോകകപ്പ് യോഗ്യതയുടെ അരികിലുമാണ്." താരം ടൈക് സ്പോർട്സിനോട് പറഞ്ഞു.

"ആവശ്യമുണ്ടായിട്ടു തന്നെയാണ് ഞാൻ ഇവിടെയെത്തിയത്. അതിന്റെ താളം കൊണ്ടു തന്നെ വളരെ തീവ്രതയുള്ള മത്സരമായിരുന്നു ഇത്. എനിക്ക് സുഖമാണ്, അല്ലെങ്കിൽ ഞാനീ മത്സരം കളിക്കില്ലായിരുന്നു. ഈ മത്സരം ആവശ്യപ്പെടുന്ന വേഗതയിൽ കളിക്കുക എളുപ്പമല്ല." മെസി വ്യക്തമാക്കി.

മത്സരത്തിനു ശേഷം യോഗ്യതക്കരികിലാണെന്ന് മെസി പറഞ്ഞെങ്കിലും ചിലിയും ഇക്വഡോറും തമ്മിലുള്ള കളിയിൽ ഇക്വഡോർ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയതോടെ അർജന്റീന ഖത്തർ ലോകകപ്പിനു യോഗ്യത നേടിയിട്ടുണ്ട്.

facebooktwitterreddit