FC Barcelona News

ഡീഗോ മറഡോണയുടെ റെക്കോർഡിനു തൊട്ടരികിലെത്തി ലയണൽ മെസി

Sreejith N
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Aitor Alcalde Colomer/Getty Images
facebooktwitterreddit

വലൻസിയക്കെതിരായ നിർണായക ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണക്ക് വിജയം നൽകിയത് ലയണൽ മെസിയുടെ പ്രകടനം തന്നെയാണ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകളാണ് അർജന്റീനിയൻ താരം സ്വന്തമാക്കിയത്. അതിലൊരു ഗോൾ ഫ്രീ കിക്കിലൂടെ നേടി ബാഴ്‌സലോണക്ക് വേണ്ടി അൻപതു ഫ്രീ കിക്ക് ഗോളുകളെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി.

ബാഴ്‌സലോണക്ക് വേണ്ടി അൻപതു ഫ്രീകിക്ക് ഗോളുകൾ നേടിയതോടെ ക്ലബിനും രാജ്യത്തിനുമായി ഇതുവരെ അമ്പത്തിയാറു തവണയാണ് മെസി ഫ്രീകിക്കിലൂടെ വല കുലുക്കിയിരിക്കുന്നത്. ഇതോടെ ഏറ്റവുമധികം ഫ്രീകിക്ക് ഗോളുകൾ നേടിയ അർജന്റീനിയൻ താരമെന്ന മറഡോണയുടെ റെക്കോർഡിന്റെ തൊട്ടരികിലെത്താൻ മെസിക്കായി. 59 ഫ്രീകിക്ക് ഗോളുകളാണ് മറഡോണ കരിയറിൽ നേടിയിരിക്കുന്നത്.

അർജന്റീനക്ക് വേണ്ടി ഏറ്റവുമധികം ഫ്രീ കിക്ക് ഗോളുകൾ നേടിയ മറ്റു താരങ്ങളായ മാനുവൽ പെല്ലെഗ്രിന, ഡാനിയൽ പസാറല്ല എന്നിവരുടെ കണക്കുകളെ മെസി നേരത്തെ മറികടന്നിരുന്നു. ഈ രണ്ടു താരങ്ങൾ യഥാക്രമം നാൽപത്തിയഞ്ചും നാല്‌പത്തിമൂന്നും ഫ്രീകിക്ക് ഗോളുകളാണ് കരിയറിൽ നേടിയിട്ടുള്ളത്. അതേസമയം 77 ഫ്രീകിക്ക് ഗോളുകൾ സ്വന്തമായുള്ള ജൂനിന്യോയാണ് ഈ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.

അടുത്ത മത്സരത്തിൽ മെസി ബാഴ്‌സലോണക്ക് വേണ്ടി തന്റെ ആദ്യത്തെ ഫ്രീകിക്ക് ഗോൾ നേടിയ ക്ലബിനെയാണ് നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2008 ഏപ്രിൽ 4നു ബാഴ്‌സലോണ അത്ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത മത്സരത്തിലാണ് മെസിയുടെ ആദ്യത്തെ ഫ്രീകിക്ക് ഗോൾ പിറക്കുന്നത്.

facebooktwitterreddit