പെലെയെ പിന്നിലാക്കി ലയണൽ മെസി, ബൊളീവിയക്കെതിരായ ഹാട്രിക്കിൽ പിറന്നത് രണ്ടു റെക്കോർഡുകൾ

Sreejith N
Argentina v Bolivia - FIFA World Cup 2022 Qatar Qualifier
Argentina v Bolivia - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

വളരെക്കാലത്തിനു ശേഷം അർജന്റീന ആരാധകർക്കു മുന്നിൽ കളിക്കാൻ കഴിഞ്ഞത് ഹാട്രിക്ക് ഗോളുകളോടെ ലയണൽ മെസി ആഘോഷിച്ചപ്പോൾ ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന മികച്ച വിജയം നേടിയതിനൊപ്പം തകർന്നത് ഏറ്റവുമധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ ലാറ്റിനമേരിക്കയിൽ നിന്നുമുള്ള പുരുഷ ഫുട്ബോൾ താരമെന്ന ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡും.

ഇന്നു പുലർച്ചെ നടന്ന മത്സരത്തിന്റെ 14, 64, 88 മിനുട്ടുകളിലാണ് മെസി അർജന്റീനക്കു വേണ്ടിയുള്ള തന്റെ ഏഴാമത്തെ ഹാട്രിക്ക് നേട്ടം കുറിച്ചത്. മത്സരം തുടങ്ങുമ്പോൾ 77 അന്താരാഷ്ട്ര ഗോളുകളെന്ന പെലെയുടെ റെക്കോർഡിന് ഒരു ഗോൾ മാത്രം പിന്നിലുണ്ടായിരുന്ന മെസി തന്റെ ഗോളുകളുടെ എണ്ണം 79 ആക്കി മാറ്റിയാണ് മത്സരം പൂർത്തിയാക്കിയത്.

ബൊളീവിയക്കെതിരായ മത്സരത്തിലെ മൂന്നു ഗോൾ നേട്ടത്തോടെ സുഹൃത്തും യുറുഗ്വായ് താരവുമായ ലൂയിസ് സുവാരസിന്റെ റെക്കോർഡിനെയും മെസി പിന്നിലാക്കി. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകളെന്ന നേട്ടത്തിൽ 26 ഗോളുകളുമായി മെസി മുന്നിൽ നിൽക്കുമ്പോൾ 25 ഗോളുകളാണ് സുവാരസിന്റെ പേരിലുള്ളത്.

അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് 2016ൽ തന്നെ സ്വന്തമാക്കിയ മെസി ഇന്ന് നേടിയ ഹാട്രിക്കടക്കം ബൊളീവിയക്കെതിരെ കളിച്ച പതിനൊന്നു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് നേടിയിട്ടുള്ളത്. മെസി അർജന്റീന ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ രാജ്യവും ബൊളീവിയയാണിപ്പോൾ.

മത്സരത്തിനു ശേഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർക്ക് മുന്നിൽ കോപ്പ അമേരിക്ക കിരീടമുയർത്തിയുള്ള ആഘോഷവും ലയണൽ മെസിയും സംഘവും നടത്തിയിരുന്നു. ഇതു വളരെയധികം ആഗ്രഹിക്കുകയും സ്വപ്‌നം കാണുകയും ചെയ്‌ത കാര്യമാണെന്നും തന്റെ അമ്മയും സഹോദരങ്ങളും ഇതു കാണുന്നതിൽ വളരെ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു.

facebooktwitterreddit