ലയണൽ മെസ്സി തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് മൗറിസിയോ പൊച്ചറ്റീനോ

ഏഴ് ബാലൺ ഡി ഓറുകൾ സ്വന്തമാക്കിയ ലയണൽ മെസ്സി തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പിഎസ്ജി പരിശീലകൻ മൗറിസിയോ പൊച്ചറ്റീനോ. റയൽ മാഡ്രിഡിനെതിരെയുള്ള പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന, റയലിന് എതിരെയുള്ള ആദ്യ പാദ മത്സരത്തിൽ പിഎസ്ജിയുടെ വിജയഗോൾ നേടിയ കിലിയൻ എംബാപ്പെയാണോ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ചോദിച്ചപ്പോഴാണ് പൊച്ചറ്റീനോ തന്റെ അഭിപ്രായം പങ്കുവെച്ചത്.
"ഏഴ് ബാലൺ ഡി ഓർ ട്രോഫികളോടെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി," പൊച്ചറ്റീനോ പത്രസമ്മേളനത്തിൽ പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്തു.
എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്നും പൊച്ചറ്റീനോ കൂട്ടിച്ചേർത്തു. "ഏറ്റവും മികച്ചതും, ഏറ്റവും തിളങ്ങുന്നതുമായ കളിക്കാരിൽ ഒരാളാണ് അവൻ," പിഎസ്ജി പരിശീലകൻ പറഞ്ഞു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ മെസ്സി ഫ്രഞ്ച് ക്ലബിന്റെ സുപ്രധാന താരങ്ങളിൽ ഒരാളാണ്. ഈ സീസണിൽ ഇത് വരെ പിഎസ്ജിക്കായി 24 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മെസ്സി, 7 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേ സമയം, ഈ സീസണിലെ പിഎസ്ജിയുടെ ഏറ്റവും മികച്ച താരമെന്ന് എംബാപ്പെയെ വിശേഷിപ്പിക്കാം. നിലവിലെ സീസണിൽ പിഎസ്ജിക്ക് വേണ്ടി 34 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം, 24 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.