ബാഴ്സയിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയുണ്ടെന്ന് മെസി, ബാഴ്സ ആരാധകരെ വീണ്ടും കാണണമെന്നും താരം


ബാഴ്സലോണയോട് വിട പറഞ്ഞുവെങ്കിലും ക്ലബ്ബിലേക്ക് വീണ്ടും തിരിച്ചു വരാമെന്ന പ്രതീക്ഷയുണ്ടെന്ന് ലയണൽ മെസി. വീണ്ടും തിരിച്ചെത്താനും ക്ലബിനൊപ്പം വിജയങ്ങളിൽ പങ്കാളിയാവാനും ആഗ്രഹമുണ്ടെന്നു പറഞ്ഞ താരം തന്റെ ആരാധകരോടുള്ള സ്നേഹവും അതിനൊപ്പം വെളിപ്പെടുത്തി. കോവിഡ് മഹാമാരി മൂലം കാണികളില്ലാത്ത സ്റ്റേഡിയങ്ങളിൽ ഒന്നര വർഷത്തോളം കളിക്കേണ്ടി വന്നതു കൊണ്ട് ആരാധകർ നിറഞ്ഞ സ്റ്റേഡിയത്തിൽ വിടപറയാൻ ആഗ്രഹമുണ്ടെന്നാണ് താരം പറഞ്ഞത്.
"ഇന്നെനിക്ക് എല്ലാത്തിനോടും വിട പറയാനുള്ള ദിവസമാണ്. പതിമൂന്നാം വയസു മുതൽ ഇവിടെയുണ്ടായിരുന്ന ഞാൻ ഇരുപത്തിയൊന്നു വർഷങ്ങൾക്ക് ശേഷം എന്റെ ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം ഇവിടം വിടുകയാണ്. ഇതു ഞങ്ങളുടെ വീടാണ്."
"ഏതാനും വർഷങ്ങൾ ഞാൻ പുറത്തു പോയാലും ഇവിടേയ്ക്ക് തന്നെ ഞങ്ങൾ തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. ഇതു ഞങ്ങളുടെ വീടാണ്. ആളുകൾ എന്നോട് കാണിച്ച സ്നേഹത്തിനു ഞാൻ നന്ദി പറയുന്നു."
"കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഒന്നര വർഷം ആരാധകരെ കാണാതെയാണ് ഞാനിവിടം വിടുന്നത്. ഇപ്പോഴത്തേതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ, ആരാധകരെല്ലാം സ്റ്റേഡിയത്തിൽ ഉള്ള സമയത്ത് ക്ലബിനോടു വിട പറയണം എന്നായിരുന്നു എന്റെ ആഗ്രഹം."."
"ഒരു ദിവസം ക്ലബ്ബിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ബാഴ്സലോണ ലോകത്തിലെ ഏറ്റവും മികച്ച ക്ലബായി തുടരാനുള്ള സംഭാവന നൽകാൻ കഴിയുമെന്നും ഞാൻ കരുതുന്നു," മെസി വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.