ബ്രസീലിനെതിരെ മെസി ആദ്യ ഇലവനിൽ തന്നെ ഇറങ്ങും, പരിശീലനം പുനരാരംഭിച്ച് പരഡെസ്

Sreejith N
Uruguay v Argentina - FIFA World Cup Qatar 2022 Qualifier
Uruguay v Argentina - FIFA World Cup Qatar 2022 Qualifier / Pool/GettyImages
facebooktwitterreddit

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന അർജന്റീന ടീമിനു കൂടുതൽ കരുത്തു പകർന്ന് ലയണൽ മെസി മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ കളിക്കുമെന്നു റിപ്പോർട്ടുകൾ. ഇതിനു പുറമെ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര താരം ലിയാൻഡ്രോ പരഡെസ് പരിശീലനം പുനരാരംഭിച്ചതും അർജന്റീനക്ക് ആശ്വാസമാണ്.

മെസി ബ്രസീലിനെതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്ന് അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർടാണ് റിപ്പോർട്ടു ചെയ്‌തത്‌. യുറുഗ്വായ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം പിടിക്കാതിരുന്ന താരം മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറങ്ങി പതിനഞ്ചു മിനുട്ടോളം കളിച്ചിരുന്നു.

ലിയാൻഡ്രോ പരഡെസ് കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്തിയെന്നും താരവും ബ്രസീലിനെതിരെ ആദ്യ ഇലവനിൽ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പരിക്കു മൂലം ഒക്ടോബർ മുതൽ പുറത്തിരിക്കുന്ന പരഡെസിനു പകരം ഗുയ്‌ഡോ റോഡ്രിഗസാണ് യുറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ ഇറങ്ങിയിരുന്നത്.

ബ്രസീലിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ അർജന്റീനക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയും. അതേസമയം ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ ഇതുവരെയും പരാജയം അറിഞ്ഞിട്ടില്ലാത്ത രണ്ടു ടീമുകൾ തമ്മിലാണ് പോരാട്ടമെന്നത് മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നു.

facebooktwitterreddit