Football in Malayalam

സെർജിയോ റാമോസുമായുള്ള ബന്ധത്തെപ്പറ്റിയും ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമുകളെയും വെളിപ്പെടുത്തി മെസി

Sreejith N
Paris Saint Germain v RC Strasbourg - Ligue 1
Paris Saint Germain v RC Strasbourg - Ligue 1 / John Berry/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ട്രാൻസ്‌ഫർ വിൻഡോ ആയിരുന്നു ഇത്തവണ പിഎസ്‌ജിയുടേത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിരവധി സൂപ്പർതാരങ്ങളെ അവർ ടീമിലേക്കെത്തിച്ചപ്പോൾ അതിൽ കൗതുകമായത് ലാ ലിഗയിലെ ചിരവൈരികളായ റയൽ മാഡ്രിഡിന്റെയും ബാഴ്‌സയുടെയും നായകന്മാരായ മെസിയെയും റാമോസിനെയും അവർ സ്വന്തമാക്കി എന്നതാണ്. എന്നാൽ റാമോസിന്റെ പരിക്കു മൂലം ഇതുവരെയും ഒരുമിച്ച് കളിക്കാൻ ഇവർക്കു കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണിലെ ലാ ലിഗ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി പുരസ്‌കാരം നേടിയതിനു ശേഷം സ്‌പാനിഷ്‌ മാധ്യമമായ മാർക്കയോട് സംസാരിക്കുമ്പോൾ റാമോസുമായുള്ള തന്റെ ബന്ധത്തെപ്പറ്റി മെസി പറയുകയുണ്ടായി. അതിനൊപ്പം ഈ സീസണിൽ പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ, ഇത്തവണ കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീമുകൾ എന്നിവയെപ്പറ്റിയും താരം സംസാരിച്ചു.

"ബാഴ്‌സയുടെയും റയലിന്റെയും നായകന്മാർ ആയതിനാലും കുറെ വർഷങ്ങളുടെ വൈരിയും നിരവധി ക്ലാസിക്കോകളും മൈതാനത്തെ പ്രശ്‌നങ്ങളും ഒക്കെയുണ്ടായിരുന്നതിനാൽ ആദ്യം അത് വിചിത്രമായി തോന്നിയെങ്കിലും ഇപ്പോൾ അങ്ങിനെയില്ല. ക്ലാസിക്കോകളിലെ വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും അതെല്ലാം ഉള്ളിൽ വെച്ച് പരസ്‌പരബഹുമാനം ഞങ്ങൾ പുലർത്തിയിരുന്നു."

"ഇപ്പോൾ റാമോസിന്റെ സഹതാരമായി ലഭിച്ചത് ഗംഭീരമായ നേട്ടമാണ്. മെല്ലെ മെല്ലെ താരം ഞങ്ങൾക്കൊപ്പം ചേർന്നു കൊണ്ടിരിക്കയാണ്, അടുത്തു തന്നെ ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ ലക്ഷ്യങ്ങൾക്കു വേണ്ടി പൊരുതുന്ന ഒരു ഫുട്ബോൾ താരമാണ് അദ്ദേഹം," മെസി പറഞ്ഞു.

റാമോസുമായി മികച്ച ബന്ധമുണ്ടായിരുന്നില്ലെങ്കിലും പല തവണ കണ്ടതിന്റെയും സഹതാരങ്ങളിൽ നിന്നും അറിഞ്ഞതിന്റെയും പരിചയം തനിക്കുണ്ടെന്നും മെസി പറഞ്ഞു. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇന്നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിൽ റാമോസ് ഇടം നേടിയിട്ടുണ്ട്. മത്സരത്തിൽ കളിക്കുകയാണെങ്കിൽ മെസിയും റാമോസും ആദ്യമായി ഒരു ടീമിൽ കളിക്കുന്നതിനാണ് അത് വഴിയൊരുക്കുക.

ചാമ്പ്യൻസ് ലീഗ് നേടാൻ പിഎസ്‌ജിക്ക് സാധ്യതയുണ്ടെങ്കിലും ടീം അതിനായി ഇനിയും മെച്ചപ്പെടണമെന്നും മെസി പറഞ്ഞു. എന്നാൽ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യത ലിവർപൂളിനാണ് എന്നാണു മെസിയുടെ അഭിപ്രായം. അതിനു പുറമെ മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ് എന്നിവരടക്കം നിരവധി ടീമുകൾക്ക് അതിനായി പൊരുതാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളെ മെസി പൂർണമായും തള്ളിക്കളഞ്ഞില്ല. നിലവിൽ ടീം പുതുക്കിയെടുത്തു കൊണ്ടിരിക്കുകയാണെന്നും എന്നാൽ കുറച്ചു കൂടി കഴിഞ്ഞാൽ അവർക്ക് പൊരുതാൻ കഴിഞ്ഞേക്കുമെന്നും പറഞ്ഞ മെസി സാവി ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തത് പരിഗണനയിൽ എടുക്കണമെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit