Football in Malayalam

പിഎസ്‌ജി ജേഴ്‌സിയിൽ ബാഴ്‌സലോണയെ നേരിടുന്നതിനെക്കുറിച്ച് മെസി, ട്രാൻസ്‌ഫറിൽ നെയ്‌മർ സ്വാധീനം ചെലുത്തിയെന്നും താരം

Sreejith N
FBL-FRA-LIGUE1-PSG-MESSI-PRESSER
FBL-FRA-LIGUE1-PSG-MESSI-PRESSER / STEPHANE DE SAKUTIN/Getty Images
facebooktwitterreddit

പിഎസ്‌ജി താരമായതിനു ശേഷമുള്ള ആദ്യത്ത പ്രസ് മീറ്റിൽ ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗിൽ നേടുന്നതിനെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ചു മറുപടി പറഞ്ഞ് ലയണൽ മെസി. ക്യാമ്പ് നൂവിൽ മറ്റൊരു ക്ലബിന്റെ ജേഴ്‌സിയുമിട്ട് ഇറങ്ങുന്നത് വിചിത്രമായ അവസ്ഥയായിരിക്കുമെന്നും എന്നാൽ ഫുട്ബോളിൽ അത് സംഭവിക്കുമെന്നും മെസി പറഞ്ഞു. പിഎസ്‌ജി ട്രാൻസ്‌ഫറിൽ ബ്രസീലിയൻ താരം നെയ്‌മർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും മെസി വെളിപ്പെടുത്തി.

"ഞാൻ ചെറിയ കുട്ടിയായിരിക്കുന്ന കാലം മുതൽ തന്നെ എനിക്ക് ബാഴ്‌സലോണയോടുള്ള ആഭിമുഖ്യവും സ്നേഹവും എല്ലാവർക്കും അറിയുന്നതാണ്. അതെപ്പോഴും എന്റെ വീട് തന്നെയായിക്കും. യൂറോപ്യൻ മത്സരങ്ങളിൽ ഞങ്ങൾ ഏറ്റുമുട്ടുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്. ആരാധകരുള്ള ക്യാമ്പ് നൂവിൽ കളിക്കുന്നത് മനോഹരമായിരിക്കുമെങ്കിലും അവിടേക്ക് മറ്റൊരു ജേഴ്‌സിയിൽ തിരിച്ചു പോകുന്നത് വിചിത്രമായിരിക്കും, എന്നാൽ ഫുട്ബോളിൽ അത് സംഭവിക്കാവുന്നതാണ്."

"ഞാൻ പിഎസ്‌ജിയിൽ എത്തുന്നതിന് നെയ്‌മർ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. പിഎസ്‌ജി സ്‌ക്വാഡിനെ നോക്കുമ്പോൾ നിങ്ങൾ തീർച്ചയായും ആവേശഭരിതരാകും. ഒരേ ലക്ഷ്യങ്ങളുള്ള പിഎസ്‌ജിക്കും എനിക്കും അവ ഒരുമിച്ച് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെയ്‌മർ, ഡി മരിയ, പരഡെസ് എന്നിങ്ങനെ നിരവധി സുഹൃത്തുക്കളും എനിക്ക് സ്‌ക്വാഡിലുണ്ട്."

പിഎസ്‌ജി താരമായ മാർക്കോ വെറാറ്റിയെ മെസി പ്രത്യേകം പ്രശംസിച്ചു. "തന്റെ പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വെറാറ്റി. താരം ബാഴ്‌സലോണയിലേക്ക് വരേണ്ടതായിരുന്നു എങ്കിലും നേരെ തിരിച്ചാണ് ഇപ്പോൾ സംഭവിച്ചത്. വളരെ മികച്ച താരമായ അദ്ദേഹത്തെ വ്യക്തിപരമായി അറിയാനും എനിക്ക് കഴിഞ്ഞിരുന്നു. ഓരോ പൊസിഷനിലും ലോകത്തെ മികച്ച താരങ്ങളാണ് ഇവിടെയുള്ളവരെല്ലാം," മെസി വ്യക്തമാക്കി.

പുതിയ ക്ലബ് എന്നത് തനിക്ക് ആദ്യത്തെ എക്സ്പീരിയൻസ് ആണെങ്കിലും പിഎസ്‌ജിയിലെ താരങ്ങൾ ടീമുമായി ഇണങ്ങിച്ചേരാൻ തന്നെ സഹായിക്കുമെന്ന പ്രതീക്ഷ മെസി പ്രകടിപ്പിച്ചു. പിഎസ്‌ജി നിരവധി മികച്ച താരങ്ങളെ സ്വന്തമാക്കി ടീമിനെ കെട്ടിപ്പടുത്തത് മറ്റു ക്ലബുകളും മെച്ചപ്പടാൻ കാരണമായി എന്നും പുതിയ ലീഗിൽ എല്ലാം നല്ല രീതിയിൽ സംഭവിക്കുമെന്നു കരുതുന്നതായും മെസി കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit