എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് പ്രതിരോധതാരം ലിൻഡ്ലോഫ്


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത എറിക് ടെൻ ഹാഗ് ക്ലബിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ടീമിലെ പ്രതിരോധതാരമായ വിക്ടർ ലിൻഡ്ലോഫ്. തന്റെ ശൈലി ടീമിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആദ്യ പരിശീലനസെഷൻ മുതൽ ആരംഭിച്ച അദ്ദേഹത്തിനു കീഴിൽ പ്രവർത്തിക്കുന്നത് ആവേശകരമാണെന്നും ലിൻഡ്ലോഫ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന താൽക്കാലിക പരിശീലകനായ റാങ്നിക്ക് തുടരുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചതിനു ശേഷമാണ് ടെൻ ഹാഗ് ടീമിന്റെ മാനേജറായി ചുമതല ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു നിരാശപ്പെടുത്തിയ ടീമിനെ നയിക്കാൻ മുൻ അയാക്സ് പരിശീലകൻ എത്തിയതോടെ ആരാധകർക്കു വലിയ പ്രതീക്ഷയാണുള്ളത്.
"എല്ലാവരും മുന്നോട്ടു നോക്കാൻ ശ്രമിക്കുന്നു. പുതിയ മാനേജറുമായി പ്രവർത്തിക്കാനും അദ്ദേഹത്തിന്റെ ശൈലി മനസിലാക്കാനും ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങൾ പുറകിലേക്ക് നോക്കേണ്ടതില്ല. മുന്നോട്ട് നോക്കാനും മികച്ച പ്രകടനം നടത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. പരിശീലന ശേഷമുകൾ ആരംഭിച്ചിട്ടുണ്ട്, ഒരു ദിവസം തനിക്ക് വേണ്ടത് എന്തൊക്കെയാണെന്ന് അദ്ദേഹം വിശദീകരിച്ചു നൽകി."
"വിശദമായ വിവരങ്ങൾ നൽകുന്നതിൽ അദ്ദേഹം മികച്ചു നിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം. ഒരുപാട് മാറിയ ടെൻ ഹാഗിന് സ്വന്തം ശൈലിയുണ്ട്. അവ നടപ്പിലാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുപാട് സംസാരിക്കുകയും വ്യത്യസ്ഥമായ കാര്യങ്ങൾ പരിശീലിക്കുകയും ചെയ്യുന്നു. അത് ഇതുവരെ വളരെ വളരെ മികച്ച രീതിയിലാണുള്ളത്." ഇഎസ്പിഎന്നിനോട് ലിൻഡ്ലോഫ് പറഞ്ഞു.
മാറ്റങ്ങൾ നടപ്പിലാക്കുന്ന എറിക് ടെൻ ഹാഗ് ഒരുപാട് നിയമങ്ങൾ താരങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നു എന്നർത്ഥമില്ലെന്നും സ്വീഡിഷ് താരം പറഞ്ഞു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ക്ലബുകളെ അപേക്ഷിച്ച് ട്രാൻസ്ഫർ മാർക്കറ്റിൽ തണുപ്പൻ സമീപനം സ്വീകരിക്കുന്നതിന് കുറിച്ച് പ്രതികരിക്കാൻ താരം വിസമ്മതിച്ചു. അതുപോലെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും തന്റെ ടീമിൽ മാത്രമാണ് ശ്രദ്ധയെന്നുമാണ് ലിൻഡ്ലോഫ് പറഞ്ഞത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.