റയൽ മാഡ്രിഡിനെതിരെ പിഎസ്‌ജി വിജയം നേടും, കാരണം വ്യക്തമാക്കി ഫ്രഞ്ച് ഇതിഹാസം ലിലിയൻ തുറാം
By Sreejith N

പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിൽ ദിവസങ്ങൾക്കകം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ വിജയം നേടാൻ പിഎസ്‌ജിക്കു തന്നെയാണു സാധ്യതയെന്ന് ഫ്രാൻസിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളായ ലിലിയൻ തുറാം. ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നീ സൂപ്പർതാരങ്ങൾ ടീമിലുള്ളതിനാൽ സ്വാഭാവികമായും റയലിനെതിരെ പിഎസ്‌ജി വിജയം നേടുമെന്നാണ് യുവന്റസിന്റെയും ബാഴ്‌സയുടെയും മുൻ താരം പറയുന്നത്.
"ഈ മത്സരത്തിൽ ആരെങ്കിലും വിജയിക്കാൻ സാധ്യതയുണ്ടെങ്കിൽ അതു പിഎസ്‌ജിയാണ്. മെസി, എംബാപ്പെ, നെയ്‌മർ എന്നിവർ നിങ്ങളുടെ ടീമിലുണ്ടെങ്കിൽ ഒരു മത്സരം തോൽക്കാനും പുറത്തു പോകാനും ബുദ്ധിമുട്ടാണ്. കാരണം അവർ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അതിന്റെ അർത്ഥമെന്താണെന്ന് അറിയാമോ, ഈ താരങ്ങൾ ടീമിലുണ്ടെങ്കിൽ നിങ്ങൾ സ്വാഭാവികമായും മത്സരം വിജയിക്കും."
"മെസി വലിയൊരു വ്യത്യാസം സൃഷ്‌ടിക്കും, അല്ലെന്നു കരുതുന്നുണ്ടോ? പിന്നെ അവർക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളുണ്ട്, മാർക്വിന്യോസ് എന്ന ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളുണ്ട്. കൂടാതെ ഫ്രഞ്ച് താരമായ കിംപെംബെ അവിടെയുണ്ട്. അതിനാൽ തന്നെ പിഎസ്‌ജിക്കാണു സാധ്യത കൂടുതലെന്നു ഞാൻ കരുതുന്നു." മാർക്കയോട് തുറാം പറഞ്ഞു.
പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മർ റയലിനെതിരെ ഇറങ്ങുന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മത്സരത്തിൽ വിജയം നേടേണ്ടത് പിഎസ്‌ജിക്ക് അനിവാര്യമാണ്. ഈ സമ്മർ ജാലകത്തിൽ മറ്റൊരു ടീമിനും സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിൽ സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ പിഎസ്‌ജിക്ക് തങ്ങളുടെ മികവു യൂറോപ്പിൽ തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.