Football in Malayalam

ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ലീഗുകളുടെ യുവേഫ ഇൻഡക്‌സിൽ ഫ്രഞ്ച് ലീഗ് മുന്നിൽ

Sreejith N
BRUNO FAHY/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതു കൊണ്ടു തന്നെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് അവർ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. എന്നാൽ ഈ സീസണിലെ പ്രധാന യൂറോപ്യൻ ടൂർണമെന്റുകളും അവയുടെ മത്സരഫലങ്ങളും എടുത്തു പരിശോധിച്ചാൽ ഫ്രഞ്ച് ലീഗിൽ നിന്നുമുള്ള ക്ലബുകളെല്ലാം മികച്ച പ്രകടനമാണ് അവയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ കളിച്ച ലീഗ് വൺ ടീമുകളായ പിഎസ്‌ജിയും ലില്ലെയും ആറു വിജയവും നാല് സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ സ്വന്തമാക്കിയത്. ഇവർ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്‌തു. അതേസമയം യൂറോപ്പ ലീഗിൽ കളിക്കുന്ന മൊണോക്കോ, ലിയോൺ, മാഴ്‌സ എന്നീ ടീമുകൾ ചേർന്ന് ഒൻപതു ജയവും എട്ടു സമനിലയും സ്വന്തമാക്കി. യുവേഫയുടെ മറ്റൊരു ടൂർണമെന്റായ കോൺഫറൻസ് ലീഗിലുള്ള റെന്നെസ് മൂന്നു ജയവും രണ്ടു സമനിലയുമാണ് നേടിയത്.

ഫ്രഞ്ച് ലീഗിൽ നിന്നുള്ള ഈ ക്ലബുകളുടെ യൂറോപ്പിലുള്ള മികച്ച പ്രകടനം കൊണ്ടു തന്നെ ഈ സീസണിലെ യുവേഫ ഇൻഡക്‌സ് പരിശോധിക്കുമ്പോൾ ഫ്രഞ്ച് ലീഗാണ് അതിൽ മുന്നിൽ നിൽക്കുന്നതെന്ന് എൽ എക്വിപ്പയുടെ കണക്കുകളെ അധികരിച്ച് ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. 15.417 എന്ന ഈ സീസണിലെ പോയിന്റ് നില ഫ്രഞ്ച് ലീഗിനു ഇതുവരെയും നേടാൻ കഴിയാത്തതാണെന്ന പ്രത്യേകത കൂടിയുണ്ട്.

ഇംഗ്ലണ്ടാണ് യുവേഫ ഇൻഡക്‌സിൽ രണ്ടാം സ്ഥാനത്തുള്ളത്. 15.142 പോയിന്റാണ് അവർക്കുള്ളത്. സ്പെയിൻ, ജർമനി, ഇറ്റലി എന്നിവരെ പിന്നിലാക്കി 14.800 പോയിന്റ് നേടിയ ഡച്ച് ലീഗ് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇറ്റലി (14.667), സ്പെയിൻ (12.857), ജർമനി (12.500), പോർച്ചുഗൽ (9.917) എന്നീ ലീഗുകൾ നാല് മുതൽ ആറു വരെയുള്ള സ്ഥാനങ്ങൾ അലങ്കരിക്കുന്നു. കോൺഫറൻസ് ലീഗിൽ ടോട്ടനവും റെന്നെസും തമ്മിലുള്ള മത്സരം നടന്നാൽ ഈ പോയിന്റ് നിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit