Football in Malayalam

2021ലെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ ബെൻസിമയെ പിന്തുണച്ച് ഫ്രഞ്ച് ലീഗ് പരിശീലകർ

Sreejith N
Spain v France - UEFA Nations League
Spain v France - UEFA Nations League / Anadolu Agency/GettyImages
facebooktwitterreddit

2021ലെ ബാലൺ ഡി'ഓർ അവാർഡ് നേടാൻ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കരിം ബെൻസിമയെ പിന്തുണച്ച് ലീഗ് വൺ പരിശീലകർ. 1998ൽ സിദാൻ പുരസ്‌കാരം നേടിയതിനു ശേഷം പിന്നീട് മറ്റൊരു ഫ്രഞ്ച് താരത്തിനും സ്വന്തമാക്കാൻ കഴിയാത്ത ബാലൺ ഡി'ഓർ ബെൻസിമയുടെ കൈകളിൽ എത്തണമെന്നാണ് ലീഗ് വൺ ക്ലബുകളായ നീസ്, ലിയോൺ, നാന്റസ്, ആംഗേഴ്‌സ്, റെന്നെസ്, ലില്ലെ എന്നീ ക്ലബുകളുടെ പരിശീലകർ പറയുന്നത്.

"ആർക്കാണ് ഏറ്റവുമധികം സാധ്യതയെന്ന് എനിക്കറിയില്ല. എന്നാൽ അതു ബെൻസിമ നേടുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ തന്റെ നിലവാരം താരം ഉയർത്തിയെന്നു ഞാൻ കരുതുന്നു. ഫ്രാൻസ് ടീമിലും താരം മികച്ച പ്രകടനം നടത്തുന്നതിൽ സന്തോഷമുണ്ട്," കഴിഞ്ഞ സീസണിൽ ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്കെത്തിച്ച, നിലവിൽ നീസിന്റെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ പറഞ്ഞു.

റയൽ മാഡ്രിഡിലും ഫ്രാൻസ് ടീമിലും കാഴ്‌ച വെച്ച പ്രകടനം കൊണ്ട് ബെൻസിമ തീർച്ചയായും ബാലൺ ഡി'ഓർ അവാർഡ് അർഹിക്കുന്നുവെന്ന് നാന്റസ് പരിശീലകൻ അന്റോയിൻ കൊമ്പൂവാറെ പറഞ്ഞപ്പോൾ, ഫ്രഞ്ച് ഫോർവേഡ് പുരസ്‌കാരം നേടിയില്ലെങ്കിൽ അതു വലിയ നിരാശയാകുമെന്നാണ് ആംഗേഴ്‌സ് പരിശീലകനായ ജെറാൾഡ് ബാറ്റിക്കിൾ പറഞ്ഞത്. എല്ലാ മുന്നേറ്റനിര താരങ്ങൾക്കും ബെൻസിമ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ സീസണുകളിലെ പ്രകടനത്തിനു പുറമെ കഴിഞ്ഞ കുറേക്കാലമായി റയൽ മാഡ്രിഡിനു വേണ്ടി നടത്തുന്ന പ്രകടനം ബെൻസിമയെ അവാർഡിന് അർഹനാക്കുന്നുവെന്ന് റെന്നെസ് പരിശീലകൻ ബ്രൂണോ ജെനെസിയോ പറഞ്ഞപ്പോൾ താരത്തിന്റെ ഫുട്ബോൾ കളത്തിലെ പ്രകടനം യുവതാരങ്ങൾക്ക് വലിയ മാതൃകയാണെന്ന് ലില്ലേ പരിശീലകൻ ജോസ്‌ലിൻ ഗൂർവെന്നെക്കും പറഞ്ഞു.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലാ ലീഗയിൽ രണ്ടാം സ്ഥാനത്തും ചാമ്പ്യൻസ് ലീഗ് സെമിയിലും എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബെൻസിമ യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സീസണിൽ മിന്നും ഫോമിലുള്ള താരം ഫ്രാൻസിന്റെ യുവേഫ നാഷൻസ് ലീഗ് നേട്ടത്തിൽ പങ്കാളിയായതോടെയാണ് ബാലൺ ഡി ഓർ സാധ്യതകൾ വർധിച്ചത്.


facebooktwitterreddit