ലെവൻഡോസ്കി ബാഴ്സലോണയിലേക്കു ചേക്കേറുമെന്ന സൂചന നൽകി താരത്തിന്റെ ഭാര്യ അന്ന ലെവൻഡോസ്ക


2023ൽ കരാർ അവസാനിക്കാനിരിക്കെ ബയേൺ മ്യൂണിക്ക് ഇതുവരെയും പുതിയ കരാർ ചർച്ചകൾ ആരംഭിക്കാത്തതിനാൽ സൂപ്പർസ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ ക്ലബിലെ ഭാവി സങ്കീർണമായി തുടരുകയാണ്. താരം ഈ സമ്മറിൽ ബയേൺ മ്യൂണിക്ക് വിട്ട് സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളും അതിനൊപ്പം ശക്തമായി ഉയർന്നു വരുന്നുണ്ട്.
അതിനിടയിൽ പോളിഷ് സ്ട്രൈക്കർ ബാഴ്സലോണയിലേക്ക് തന്നെയെത്തുമെന്നതിനു ശക്തമായ സൂചനകൾ നൽകുകയാണ് താരത്തിന്റെ ഭാര്യയായ അന്ന ലെവൻഡോസ്കി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയിലൂടെ താൻ സ്പാനിഷ് പഠിച്ചു കൊണ്ടിരിക്കുകയാണെന്നു വെളിപ്പെടുത്തിയാണ് റോബർട്ട് ലെവൻഡോസ്കി ബാഴ്സലോണയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ അന്ന ആളിക്കത്തിച്ചത്.
Lewandowski's wife drops transfer clue: I'm starting to learn Spanish https://t.co/auy6IkNrCR
— SPORT English (@Sport_EN) April 15, 2022
തന്റെ വീഡിയോ സ്റ്റോറിയുടെ മുകളിൽ സ്പാനിഷ് പഠിക്കാൻ തുടങ്ങിക്കഴിഞ്ഞെന്നും എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ തന്നെ അറിയിക്കാനും അന്ന ആവശ്യപ്പെടുന്നു. അതെ വീഡിയോയുടെ കീഴിൽ സ്പാനിഷിൽ "മയോർക്കയിൽ നിന്നും എല്ലാവരോടും ഹലോ പറയുന്നു, ഇവിടെ എത്തിയതിൽ വളരെ സന്തോഷം" എന്നും അന്ന ലെവൻഡോസ്ക എഴുതിയിട്ടുണ്ട്.
സ്പെയിനിലെ മയോർക്കയിൽ നിന്നാണ് അന്ന ലെവൻഡോസ്ക ഇതിനൊപ്പം മറ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നയുടെ സ്റ്റോറി വളരെ യാദൃശ്ചികമായി സംഭവിച്ചതാണോ അതോ താരത്തിന്റെ ട്രാൻസ്ഫർ ബാഴ്സലോണയിലേക്ക് തന്നെയാണെന്നതിന്റെ സൂചനയാണോ എന്നാണു ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
നേരത്തെ ഒരു പോളിഷ് ടെലിവിഷൻ ലെവൻഡോസ്കി ബാഴ്സയുമായി കരാർ ധാരണയിൽ എത്തിയെന്നു റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ആ വാർത്തകൾ നിഷേധിച്ച ബയേൺ മ്യൂണിക്ക് സിഇഒയായ ഒലിവർ ഖാൻ താരം അടുത്ത സീസണിലും ക്ലബിൽ തന്നെ തുടരുമെന്നാണ് പറഞ്ഞത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.