Transfers

ലെവൻഡോസ്‌കി ബാഴ്‌സയിലേക്ക് ചേക്കേറുന്നത് ബെൻസിമയെക്കാൾ മികച്ചതാണെന്ന് തെളിയിക്കാനാണെന്ന് മുൻ ഏജന്റ്

Sreejith N
Former Agent Reveals Lewandowski Wants To Prove He Is Better Than Benzema
Former Agent Reveals Lewandowski Wants To Prove He Is Better Than Benzema / Alex Grimm/GettyImages
facebooktwitterreddit

ലെവൻഡോസ്‌കി ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്‌സയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമയെക്കാൾ മികച്ചതെന്നു തെളിയിക്കുകയാണെന്ന് പോളണ്ട് സ്‌ട്രൈക്കറുടെ മുൻ ഏജന്റിന്റെ വെളിപ്പെടുത്തൽ. റേഡിയോ സെറിനോട് സംസാരിക്കുമ്പോൾ ലെവൻഡോസ്‌കി ബാഴ്‌സലോണയിൽ എത്തുമെന്നാണ് തന്റെയും പ്രതീക്ഷയെന്നും ഏജന്റായ സെസാറി കുചാർസ്‌കി വെളിപ്പെടുത്തി.

ബയേൺ മ്യൂണിക്ക് കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അത് പുതുക്കാനില്ലെന്നും ക്ലബ് വിടണമെന്നും ലെവൻഡോസ്‌കി വെളിപ്പെടുത്തിയിരുന്നു. ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹവും വ്യക്തമാക്കിയ താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ രണ്ടു ടീമുകളും തമ്മിൽ തുടർന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇതുവരെയും അക്കാര്യത്തിൽ ഒരു ധാരണയിലെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല.

"അവനു ബെൻസിമയെക്കാൾ മികച്ചതാണെന്ന് തെളിയിക്കണം, അത് ബാഴ്‌സലോണയിലേക്ക് പോകാനുള്ള മറ്റൊരു കാരണമാണ്. ലെവൻഡോസ്‌കിക്ക് സ്വപ്‌നങ്ങളൊന്നുമില്ല. ഫുട്ബോൾ കളിക്കുകയെന്നത് ഒരു ജോലിയായി കരുതി പ്രൊഫെഷനലായി മുന്നോട്ടു പോകുന്ന താരമാണവൻ. റയൽ മാഡ്രിഡും ബാഴ്‌സയും ഒരേ തലത്തിൽ നിൽക്കുന്ന ക്ലബുകളുമാണ്."

"ബാഴ്‌സലോണയും ലെവൻഡോസ്‌കിയും ഈ ട്രാൻസ്‌ഫർ നടക്കുന്നതിനു വേണ്ടി പോരാടുകയാണ്. താരം ബാഴ്‌സയിൽ തന്നെ എത്തുമെന്നാണ് ഞാൻ കരുതുന്നത്, അതു സാധ്യമാണെന്നും." സെസാറി കുചാർസ്‌കി റേഡിയോ സെറിനോട് പറഞ്ഞു.

തന്നെ ബാഴ്‌സക്കു വിട്ടു നൽകാൻ വേണ്ടി ലെവൻഡോസ്‌കി ബയേണിനു മേൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജർമനിയിൽ നിന്നും സ്പെയിനിലെത്തി അതിനു ശേഷം അമേരിക്കയിൽ കരിയർ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ലെവൻഡോസ്‌കിക്കുള്ളതെന്നും കുചാർസ്‌കി വെളിപ്പെടുത്തി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit