Football in Malayalam

ലെവൻഡോസ്‌കിക്ക് ബയേൺ മ്യൂണിക്ക് വിടാനാഗ്രഹം, യൂറോപ്പിലെ ട്രാൻസ്‌ഫർ സമവാക്യങ്ങൾ മാറിമാറിയാൻ സാധ്യത

Sreejith N
FC Bayern München v Borussia Dortmund - Supercup 2021
FC Bayern München v Borussia Dortmund - Supercup 2021 / Lars Baron/Getty Images
facebooktwitterreddit

യൂറോപ്യൻ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്ക് ജർമൻ ക്ലബ് വിടാനാഗ്രഹമുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. നിലവിലെ ഫുട്ബാൾ ട്രാൻസ്‌ഫർ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ വിവരം സ്കൈ സ്‌പോർട്സാണ് പുറത്തു വിട്ടിരിക്കുന്നത്.

2023 വരെ ബയേൺ മ്യൂണിക്കുമായി കരാറുള്ള ലെവൻഡോസ്‌കി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായാണ് ബയേൺ മ്യൂണിക്ക് വിടാനൊരുങ്ങുന്നത്. എന്നാൽ തന്റെ ട്രാൻസ്‌ഫറിനു വേണ്ടി ജർമൻ ക്ലബുമായി നിലനിൽക്കുന്ന നല്ല ബന്ധം ഇല്ലാതാക്കാൻ താരം തയ്യാറല്ല. അതുകൊണ്ടു തന്നെ ക്ലബിനു മേൽ ഇക്കാര്യത്തിനു വേണ്ടി കൂടുതൽ സമ്മർദ്ദം ഇതുവരെയും താരം ചെലുത്തിയിട്ടില്ല.

എന്നാൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ നിലവിലെ കരാർ അവസാനിക്കുന്നതു വരെ കാത്തിരിക്കാനും താരം തയ്യാറല്ല. മുപ്പത്തിമൂന്നു വയസുള്ള താരം ഇനിയും രണ്ടു വർഷം ബയേൺ ടീമിനൊപ്പം നിന്നാൽ കരിയറിന്റെ അവസാന ഘട്ടത്തിലാകും ക്ലബ് മാറ്റം നടക്കുക. അതിൽ പോളണ്ട് താരത്തിന് താൽപര്യമില്ല. ഏറ്റവും ഫോമിൽ നിൽക്കുന്ന ഈ സമയത്തു തന്നെ ബയേൺ വിടാനാണ് ലെവൻഡോസ്‌കി ഉദ്ദേശിക്കുന്നത്.

ക്ലബ് വിടാൻ തനിക്ക് താൽപര്യമുണ്ടായിട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടെടുക്കുന്ന ബയേൺ മ്യൂണിക്ക് നേതൃത്വത്തോട് താരത്തിന് അതൃപ്‌തിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ നേരത്തെ സമീപിച്ചെങ്കിലും നൂറു മില്യൺ പൗണ്ട് ഫീസായി വേണമെന്നാണ് ബയേൺ ആവശ്യപ്പെട്ടത്.

അതേസമയം ലെവൻഡോസ്‌കിയെ വിട്ടുകൊടുക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറായാൽ അതു ട്രാൻസ്‌ഫർ മാർക്കറ്റിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഹാരി കെയ്നിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും, എംബാപ്പക്കു വേണ്ടി വല വിരിക്കുന്ന റയൽ മാഡ്രിഡും ഒരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന ബാഴ്‌സയും താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit