സാവിക്കു കീഴിലൊരുങ്ങുന്ന പുതിയ ബാഴ്സലോണയുടെ മുഖമാകാൻ തയ്യാറെടുത്ത് ലെവൻഡോസ്കി


സാവിയുടെ കീഴിൽ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന പുതിയ ബാഴ്സലോണയുടെ മുഖമാകാൻ തയ്യാറെടുത്ത് റോബർട്ട് ലെവൻഡോസ്കി. ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ബാഴ്സ യൂറോപ്പിൽ ഉയർത്തെഴുന്നേൽക്കാൻ തയ്യാറെടുക്കുമ്പോൾ അതിന്റെ മുൻനിരയിൽ താനുമുണ്ടാകണമെന്ന ആഗ്രഹം താരത്തിനുണ്ടെന്നും അതുകൊണ്ടാണ് കാറ്റലൻ ക്ലബിലേക്കുള്ള ട്രാൻസ്ഫർ ലെവൻഡോസ്കി പരിഗണിക്കുന്നതെന്നും പോളിഷ് ജേർണലിസ്റ്റ് തോമസ് വ്ലോടാർസിക്ക് വെളിപ്പെടുത്തുന്നു.
ബയേൺ മ്യൂണിക്കിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം നേടിയ ലെവൻഡോസ്കിയുടെ കരാറിൽ ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. കരാർ പുതുക്കാൻ താൽപര്യമില്ലാത്ത താരം ബയേൺ മ്യൂണിക്ക് വിടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും താൻ പരിഗണിക്കുന്നത് ബാഴ്സലോണയുടെ ഓഫർ മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ലെവൻഡോസ്കിയെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ബയേൺ മ്യൂണിക്ക് ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല.
Transfer news LIVE: Robert Lewandowski wants to be ‘face’ of new Barcelona as Bayern striker seeks exit
— Daily Record Sport (@Record_Sport) June 26, 2022
⬇️⬇️⬇️ https://t.co/Nh2EbTd3Pc pic.twitter.com/nGBkVXdOGj
അതേസമയം ബാഴ്സലോണയിലേക്ക് ചേക്കേറുന്നതിലൂടെ സാവിക്കു കീഴിൽ ക്ലബ് നടത്താനുദ്ദേശിക്കുന്ന വിപ്ലവമാറ്റങ്ങളിൽ പങ്കാളിയാവുകയും അതിൽ പ്രധാനിയായി മാറുകയുമാണ് ലെവൻഡോസ്കിയുടെ ലക്ഷ്യമെന്നാണ് തോമസ് വ്ലോടാർസിക്ക് വെളിപ്പെടുത്തുന്നത്. യൂറോപ്പിലെ മറ്റെല്ലാ ക്ലബുകളും മികച്ച നിലയിൽ തുടരുമ്പോൾ ബാഴ്സലോണക്ക് നഷ്ടമായ മേധാവിത്വം തിരിച്ചു നൽകാൻ വേണ്ടി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ലെവൻഡോസ്കി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018-19 സീസണിൽ ലീഗ് കിരീടം നേടിയതിനു ശേഷം ഇതുവരെ ലാ ലിഗ നേടാൻ കഴിയാതിരുന്ന ബാഴ്സലോണ ചാമ്പ്യൻസ് ലീഗിലും മോശം പ്രകടനമാണ് നടത്തുന്നത്. ലയണൽ മെസി ക്ലബ് വിട്ട കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്ന ബാഴ്സലോണ സാവി പരിശീലകനായി എത്തിയതോടെ കൂടുതൽ മികവു കാണിക്കുന്നതിനാൽ അടുത്ത സീസണിൽ ടീം കൂടുതൽ കരുത്തു കാട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.