കരാർ പുതുക്കിയില്ലെങ്കിൽ പുറത്തേക്ക്, ബയേൺ മ്യൂണിക്കിന് ലെവൻഡോസ്‌കിയുടെ അന്ത്യശാസനം


കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന അന്ത്യശാസനം റോബർട്ട് ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിനു നൽകിയെന്നു റിപ്പോർട്ടുകൾ. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ താരത്തിന്റെ കരാർ 2023 ജൂണിൽ അവസാനിക്കാനിരിക്കെയാണ് അതു പുതുക്കിയില്ലെങ്കിൽ ക്ലബ് വിടുമെന്ന മുന്നറിയിപ്പ് പോളണ്ട് താരം നൽകിയതെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നത്.
റോബർട്ട് ലെവൻഡോസ്‌കിയുടെ കരാർ പുതുക്കുന്നത് പ്രധാന പരിഗണനയാണെന്ന ബയേൺ മ്യൂണിക്ക് സ്പോർട്ടിങ് ഡയറക്റ്റർ ഹസൻ സാലിഹാമിഡ്‌സിക്കിന്റെ വാക്കുകളെക്കുറിച്ച് താരം നൽകിയ മറുപടി തന്നെ കോണ്ട്രാക്റ്റ് പുതുക്കുന്നതിനുള്ള അനിശ്ചിതത്വം വ്യക്തമാക്കുന്നതാണ്. ക്ലബിന്റെ ബോർഡിലുള്ള ആർക്കെങ്കിലും തന്നെ നിലനിർത്താനുള്ള ആഗ്രഹമുണ്ടെന്ന് കേൾക്കുന്നത് ആദ്യമായിട്ടാണെന്നാണ് താരം ഡയറക്‌ടറുടെ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകിയത്.
Robert Lewandowski to Bayern Munich: Renew my contract or I’m out https://t.co/2ijKf2S5Sz via @todayng
— Nigeria Newsdesk (@NigeriaNewsdesk) February 27, 2022
ഇതിനു പിന്നാലെയാണ് കരാർ പുതുക്കുന്നതിനായി നടത്തുന്ന ചർച്ചകളിൽ താരം തൃപ്‌തനല്ലെന്ന റിപ്പോർട്ടുകൾ സ്കൈ സ്പോർട്സ് പുറത്തു വിടുന്നത്. ക്ലബിൽ തന്നെ തുടരുന്നതിനാണ് പോളണ്ട് താരം പരിഗണന നൽകുന്നതെങ്കിലും ആഗ്രഹിക്കുന്ന തരത്തിൽ ഈ സീസൺ അവസാനിക്കുന്നതിനു മുൻപേ കരാർ പുതുക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറായില്ലെങ്കിൽ താരം ഈ സീസണു ശേഷം ക്ലബ് വിടുമെന്നതിൽ സംശയമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുപ്പതു വയസു കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തേക്കു കരാർ പുതുക്കി നൽകുക എന്നതാണ് ബയേൺ മ്യൂണിക്കിന്റെ രീതിയെങ്കിലും ലെവൻഡോസ്‌കിയുടെ കാര്യത്തിൽ അതിൽ അവർ മാറ്റം വരുത്താൻ തയ്യാറാണെന്ന് ബിൽഡ് പറയുന്നു. രണ്ടു വർഷത്തേക്ക് താരത്തിന് കരാർ നൽകാൻ ബയേൺ മ്യൂണിക്ക് തയ്യാറാണെങ്കിലും പ്രതിഫലം കുറക്കാൻ ലെവൻഡോസ്‌കി തയ്യാറാകേണ്ടി വരും. എന്നാൽ ഒരു വർഷത്തേക്കാണ് കരാർ പുതുക്കുന്നതെങ്കിൽ നിലവിലെ വേതനം തന്നെ പോളണ്ട് താരത്തിനു ലഭിക്കും.
ബയേൺ വിടാൻ തീരുമാനിച്ചാൽ ലെവൻഡോസ്‌കിയെ ടീമിന്റെ ഭാഗമാക്കാൻ നിരവധി വമ്പൻ ക്ലബുകൾ അടുത്ത സമ്മറിൽ രംഗത്തുണ്ടാകും എന്നതിൽ യാതൊരു സംശയവുമില്ല. ഈ സീസണിലും ബയേൺ മ്യൂണിക്കിനു വേണ്ടി നിരവധി ഗോളുകൾ അടിച്ചു കൂട്ടുന്ന മുപ്പത്തിമൂന്നുകാരനായ താരം മികച്ച പ്രൊഫെഷണൽ ആയതിനാൽ തന്നെ ഏതാനും വർഷങ്ങൾ കൂടി ഇതേ ഫോമിൽ തുടരാനും കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.