Football in Malayalam

മെസി പറഞ്ഞ വാക്കുകൾ പൊള്ളയായിരുന്നില്ല, അതു തന്നെ സ്‌പർശിച്ചിരുന്നുവെന്ന് ലെവൻഡോസ്‌കി

Sreejith N
FC Bayern München v FC Barcelona: Group E - UEFA Champions League
FC Bayern München v FC Barcelona: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ബാലൺ ഡി ഓർ പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം രണ്ടാം സ്ഥാനത്തെത്തിയ തനിക്കു വേണ്ടി മെസി പറഞ്ഞ വാക്കുകൾ വളരെയധികം സ്‌പർശിക്കുന്ന ഒന്നായിരുന്നുവെന്ന് ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. 2021ലെ ബാലൺ ഡി ഓർ ഏറ്റു വാങ്ങിയതിനു ശേഷം 2020ലെ ബാലൺ ഡി ഓർ ലെവൻഡോസ്‌കി അർഹിക്കുന്നുവെന്നും അതു താരത്തിനു നൽകുന്ന കാര്യം പരിഗണിക്കണം എന്നുമാണ് മെസി പറഞ്ഞത്.

എന്നാൽ അതിനു ശേഷം ഒരു പോളിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മെസിയുടെ വാക്കുകളെക്കുറിച്ച് ബയേൺ താരം നടത്തിയ പരാമർശം ,മാധ്യമങ്ങൾ ഏറ്റു പിടിച്ചപ്പോൾ ഏറെ തെറ്റിധാരണകൾ ഉണ്ടാക്കിയിരുന്നു. മെസിയുടേത് പൊള്ളയായ വാക്കുകൾ ആയിരുന്നുവെന്നു ലെവൻഡോസ്‌കി പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതെങ്കിലും അതങ്ങിനെയല്ലെന്നാണ് താരം ഇപ്പോൾ വിശദീകരിക്കുന്നത്.

"മെസി എന്നെപ്പറ്റി പറഞ്ഞ വാക്കുകൾ ശരിക്കും എന്നെ സ്‌പർശിക്കുന്ന ഒന്നായിരുന്നു. അവ ശൂന്യമായ വാക്കുകൾ അല്ലായിരുന്നു, എന്റെ കരിയറിൽ തന്നെ മികച്ചൊരു നിമിഷം ആയിരുന്നുവത്." ജർമൻ മാധ്യമമായ ദി ബിൽഡിനോട് സംസാരിക്കുമ്പോൾ ലെവൻഡോസ്‌കി വിശദീകരിച്ചു.

"ലിയോയുമായി നേരിട്ട് ഏതാനും വാക്കുകൾ മാത്രമാണ് ഞാൻ സംസാരിച്ചത്, കാരണം എന്റെ സ്‌പാനിഷ്‌ അത്ര മികച്ചതല്ലായിരുന്നു. ഞാൻ എംബാപ്പയുമായി ഇംഗ്ലീഷിൽ സംസാരിക്കുകയും താരം അത് മെസിക്ക് പരിഭാഷപ്പെടുത്തി കൊടുക്കുകയുമാണ് ചെയ്‌തത്‌. അതൊരു മനോഹരമായ രാത്രി ആയിരുന്നു." ലെവൻഡോസ്‌കി പറഞ്ഞു.

വളരെ ചെറിയ കാര്യങ്ങളുൾപ്പെടെ എല്ലാം ശരിയായി വന്നാൽ ബാലൺ ഡി ഓർ ഇനിയും നേടാൻ സാധ്യതയുണ്ടെന്നും ലെവൻഡോസ്‌കി പറഞ്ഞു. എന്നാൽ തന്റെ ഏറ്റവും മികച്ച പ്രകടനം മാത്രമേ ഇപ്പോൾ ഉറപ്പു നൽകാൻ കഴിയൂവെന്നും താരം അതിനൊപ്പം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit