ബാലൺ ഡി ഓറിനായി തനിക്കു വോട്ട് ചെയ്‌ത മെസി ഫിഫ അവാർഡ്‌സിൽ തഴഞ്ഞത് എന്തുകൊണ്ടെന്നറിയില്ലെന്ന് ലെവൻഡോസ്‌കി

Hertha BSC v FC Bayern München - Bundesliga
Hertha BSC v FC Bayern München - Bundesliga / Maja Hitij/GettyImages
facebooktwitterreddit

ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി തന്നെ പിന്തുണച്ച ലയണൽ മെസി ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള വോട്ടെടുപ്പിൽ തന്നെ തഴഞ്ഞത് എന്തുകൊണ്ടെന്നറിയില്ലെന്ന് ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ലെവൻഡോസ്‌കിയെ തഴഞ്ഞ മെസി ഫിഫ അവാർഡ്‌സിൽ നെയ്‌മർ, എംബാപ്പെ, ബെൻസിമ എന്നിവർക്കാണ് തന്റെ വോട്ടുകൾ നൽകിയത്.

2021ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം ലെവൻഡോസ്‌കിയെ ലയണൽ മെസി പ്രശംസിച്ചിരുന്നു. കോവിഡ് മൂലം ഒഴിവാക്കിയ 2020ലെ ബാലൺ ഡി ഓർ പുരസ്‌കാരം പോളിഷ് താരത്തിനു നൽകുന്നതു പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച മെസി പക്ഷെ ഫിഫയുടെ ബെസ്റ്റ് അവാർഡ്‌സിൽ ലെവൻഡോസ്‌കിയെ തഴയുകയായിരുന്നു.

"അതുമായി ബന്ധപ്പെടുത്താൻ എനിക്ക് ബുദ്ധിമുട്ടാണ്. ഞാൻ മെസിക്കു വോട്ട് ചെയ്‌തത്‌ താരം 2021ൽ താരം ചെയ്‌ത കാര്യങ്ങളെ അംഗീകരിക്കുന്നു എന്നതിനാലാണ്. തീർച്ചയായും അതിനു മുൻപു ചെയ്‌ത കാര്യങ്ങളെയും അംഗീകരിക്കുന്നു." പോളിഷ് മാധ്യമം പിൽകാ നൊസ്‌നയോട് ലെവൻഡോസ്‌കി പറഞ്ഞു.

"മെസി ബാലൺ ഡി ഓറിൽ എന്നെ തിരഞ്ഞെടുത്തിരുന്നു, എന്തു കൊണ്ടാണ് താരത്തിന്റെ കാഴ്ചപ്പാട് പിന്നീട് മാറിയതെന്ന് എനിക്കറിയില്ല. എന്തായാലും എനിക്ക് നിരാശയോ പരാതിയോ ഇല്ല. ഞാനത് അംഗീകരിക്കുന്നു. തന്റെ തീരുമാനം ലയണൽ മെസി എടുത്തുവെന്നേ ഞാൻ കരുതുന്നുള്ളൂ." ബയേൺ മ്യൂണിക്ക് താരം വ്യക്തമാക്കി.

ബാലൺ ഡി ഓറിനേക്കാൾ ഫിഫ അവാർഡാണ് ഏറ്റവും മികച്ചത് എന്ന അഭിപ്രായവും ലെവൻഡോസ്‌കി പ്രകടിപ്പിച്ചു. ബാലൺ ഡി ഓറിൽ മാധ്യമപ്രവർത്തകരാണ് വോട്ടു ചെയ്യുകയെന്നും അതിൽ കൃത്യതയോടെ നിർണയം നടക്കുന്നില്ലെന്നും പറഞ്ഞ ബയേൺ താരം നിരവധി എക്സ്പെർട്ടുകൾക്കും പഴയതും പുതിയതുമായ ഫുട്ബോൾ താരങ്ങൾക്കും സമാനമായ അഭിപ്രായം ഉണ്ടെന്നും പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.