ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന് ലെവൻഡോസ്‌കി

Lewandowski Says Barcelona Have Chance To Win Everything
Lewandowski Says Barcelona Have Chance To Win Everything / James Williamson - AMA/GettyImages
facebooktwitterreddit

വരുന്ന സീസണിൽ ബാഴ്‌സലോണക്ക് എല്ലാ കിരീടങ്ങളും നേടാനുള്ള സാധ്യതയുണ്ടെന്ന് ക്ലബിന്റെ പുതിയ സൈനിങ്ങായ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി. അമേരിക്കയിൽ വെച്ച് നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ടീമിനു കൂടെയുള്ള താരം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാൽപ്പത്തിയഞ്ച് മില്യൺ യൂറോയോളം നൽകിയാണ് റോബർട്ട് ലെവൻഡോസ്‌കിയെ ബാഴ്‌സലോണ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിച്ചത്. ബയേൺ മ്യൂണിക്കിനായി 375 മത്സരങ്ങളിൽ നിന്നും 344 ഗോളുകൾ നേടി എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരം ബാഴ്‌സലോണയിലും അതാവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"ബാഴ്‌സലോണക്കു വേണ്ടി കളിക്കുമ്പോൾ കിരീടങ്ങൾ നേടുന്നതിനെ കുറിച്ചു ചിന്തിക്കുക വളരെ സാധാരണമാണ്. ടീമിലുള്ള പ്രതിഭ കണക്കാക്കുമ്പോൾ ഞങ്ങൾക്ക് വളരെ വളരെ മികച്ച സാധ്യതയുണ്ട്. അതിനുള്ള കഴിവുണ്ട്. യുവതാരങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നുണ്ട്." ലെവൻഡോസ്‌കി പറഞ്ഞു.

"സഹതാരങ്ങളുമായി മികച്ച രീതിയിൽ ഞാൻ ഇണങ്ങിപ്പോകുന്നു. അവരെന്നെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ഞാനിവിടെ എത്തിയിട്ടുള്ളത്. ആദ്യ ദിവസം മുതൽ ക്ലബിനോടും സഹതാരങ്ങളോടും ഇണങ്ങാൻ എനിക്ക് കഴിഞ്ഞു. എല്ലാവരും എന്നെ സഹായിക്കുന്നു." പോളിഷ് താരം പറഞ്ഞു.