ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാൻ രണ്ട് ആവശ്യങ്ങൾ മുന്നോട്ടു വെച്ച് ലെവൻഡോസ്‌കി
By Sreejith N

അടുത്ത സീസണു ശേഷം ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കാൻ രണ്ടു നിബന്ധനകൾ മുന്നോട്ടു വെച്ച് റോബർട്ട് ലെവൻഡോസ്‌കി. 2025 വരെയുള്ള രണ്ടു വർഷത്തെ കരാറും നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടിയ പ്രതിഫലവുമാണ് ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിനോട് ആവശ്യപ്പെട്ടതെന്ന് മാർക്ക വെളിപ്പെടുത്തുന്നു.
സാധാരണയായി മുപ്പതു കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തെ കരാർ മാത്രമാണ് ബയേൺ മ്യൂണിക്ക് നൽകാറുള്ളത്. തോമസ് മുള്ളർ, മാനുവൽ ന്യൂയർ എന്നീ താരങ്ങൾക്കും ഒരു വർഷത്തെ കരാറാണ് ബയേൺ നൽകിയിരിക്കുന്നത്. എന്നാൽ റോബർട്ട് ലെവൻഡോസ്‌കിയുടെ കാര്യത്തിൽ ക്ലബ് മേധാവികൾ ഇതു സംബന്ധിച്ച് വിട്ടുവീഴ്ച്ചക്കു തയ്യാറാണ്.
എന്നാൽ താരം പ്രതിഫലം വർധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ബയേൺ മ്യൂണിക്ക് മേധാവികൾ അംഗീകരിക്കാൻ സാധ്യത കുറവാണ്. ഇപ്പോൾ തന്നെ ബയേൺ മ്യൂണിക്കിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരൻ ലെവൻഡോസ്‌കിയാണ്. താരത്തിന്റെ പ്രതിഫലം വർധിപ്പിച്ചാൽ അതു മറ്റു താരങ്ങൾ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളിലും മാറ്റം വരുത്തിയേക്കും.
പ്രതിഫലം ഒരു നിശ്ചിത തുകയിൽ വർധിപ്പിക്കാൻ ആവശ്യപ്പെട്ടാൽ ആ താരങ്ങളെ ഒഴിവാക്കാൻ ബയേൺ മ്യൂണിക്കിന് യാതൊരു മടിയുമില്ല. ഇക്കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഡേവിഡ് അലബയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്. അതുകൊണ്ടു തന്നെ 2023 വരെ കരാറുള്ള ലെവൻഡോസ്‌കിയെ അടുത്ത സീസണിന്റെ അവസാനം വരെ ബയേൺ നിലനിർത്താൻ സാധ്യതയുണ്ട്.
അതേസമയം ലെവൻഡോസ്‌കിയുടെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ രംഗത്തുണ്ട്. ബാഴ്‌സലോണയാണ് താരത്തിനായി പ്രധാനമായും രംഗത്തു വന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മറിൽ താരത്തെ വിട്ടുകൊടുക്കാൻ നാൽപതു മില്യൺ യൂറോയിൽ കുറയാത്ത ഒരു തുകയാണ് ബയേൺ മ്യൂണിക്ക് ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.