"ഇതവസാനിപ്പിക്കണം, ബയേൺ മ്യൂണിക്കും ഞാനും ശത്രുക്കളല്ല"- അഭ്യർത്ഥനയുമായി ലെവൻഡോസ്കി


വീണ്ടുമൊരിക്കൽ കൂടി ബയേൺ വിടാൻ തന്നെ അനുവദിക്കണം എന്ന അഭ്യർത്ഥനയുമായി റോബർട്ട് ലെവൻഡോസ്കി. ജർമൻ ക്ലബിനോട് യാതൊരു ശത്രുതയും തനിക്കില്ലെന്നു വ്യക്തമാക്കിയ പോളണ്ട് താരം പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ബയേണുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള റോബർട്ട് ലെവൻഡോസ്കി അതു പുതുക്കാൻ തയ്യാറായിരുന്നു എങ്കിലും താരം മുന്നോട്ടു വെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ അവർ തയ്യാറായില്ല. ഇതേത്തുടർന്ന് ക്ലബ് വിടാനുള്ള താൽപര്യം ലെവൻഡോവ്സ്കി പല തവണ പ്രകടിപ്പിച്ചെങ്കിലും അതിനോടും അനുകൂല നിലപാടല്ല ബയേൺ നേതൃത്വം പ്രകടിപ്പിച്ചത്.
Robert Lewandowski: Bayern Munich and I are not enemies https://t.co/SrW4ukGSfu via @todayng
— Nigeria Newsdesk (@NigeriaNewsdesk) June 8, 2022
"എനിക്കു ലഭിക്കുന്ന പണം ബയേൺ മറ്റാർക്കെങ്കിലും വേണ്ടി നിക്ഷേപിക്കുക എന്നതാണ് കരാർ അവസാനിക്കുന്നതു വരെ എന്നെ നിലനിർത്തുന്നതിനേക്കാൾ നല്ലത്. എനിക്ക് ഒന്നിനും സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ല. രണ്ടു ഭാഗത്തു നിന്നും മികച്ച പരിഹാരമാണ് എനിക്കു വേണ്ടത്. ബയേൺ ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ്, നിരവധി കളിക്കാരുടെ സ്വപ്നക്ലബാണ്."
"എനിക്കിത് അവസാനിപ്പിക്കണം, ഞങ്ങൾ ശത്രുക്കളല്ല. ഞങ്ങൾ ഒരുമിച്ചൊരു ധാരണയിൽ എത്തുമെന്ന് എനിക്കുറപ്പാണ്." ജർമൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കേ ലെവൻഡോസ്കി വ്യക്തത വരുത്തി.
താനീ ചെയ്യുന്നത് സ്വാർത്ഥമായ കാര്യമല്ലെന്നും പോളണ്ട് താരം വെളിപ്പെടുത്തി. കഴിഞ്ഞ എട്ടു വർഷമായി ക്ലബിനെയും ആരാധകരെയും നിരാശരാക്കാതിരിക്കാൻ താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും തന്റെ മികച്ച പ്രകടനം തന്നെ ക്ലബിനായി നടത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു.
ആരാധകരോട് നീതി പുലർത്തണം എന്നതു കൊണ്ടാണ് ബയേൺ വിടാനുള്ള ആഗ്രഹവും തന്റെ ഇപ്പോഴത്തെ സാഹചര്യവും താൻ വെളിപ്പെടുത്തുന്നതെന്നും ലെവൻഡോസ്കി കൂട്ടിച്ചേർത്തി. താൻ ബാഴ്സലോണയുടെ ഓഫർ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന് കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.