Football in Malayalam

പൊള്ളയായ വാക്കുകളല്ല, മെസിയുടേത് ആത്മാർത്ഥമായ പ്രതികരണമാവാനാണ് ആഗ്രഹിച്ചതെന്ന് ലെവൻഡോസ്‌കി

Sreejith N
Robert Lewandowski
Robert Lewandowski / FRANCK FIFE/GettyImages
facebooktwitterreddit

കഴിഞ്ഞ ഏതാനും സീസണുകളായി തകർപ്പൻ ഫോമിൽ കളി തുടരുകയാണെങ്കിലും റോബർട്ട് ലെവൻഡോസ്‌കിയെ സംബന്ധിച്ച് 2021 വർഷത്തെ ബാലൺ ഡി ഓർ നിരാശയാണ് സമ്മാനിച്ചത്. ബാലൺ ഡി ഓർ വോട്ടെടുപ്പ് കഴിഞ്ഞ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ 613 പോയിന്റുകൾ നേടിയ മെസി പുരസ്‌കാരം സ്വന്തമാക്കുകയും 580 പോയിന്റുകൾ നേടിയ ലെവൻഡോസ്‌കി രണ്ടാം സ്ഥാനത്ത് എത്തുകയുമാണ് ചെയ്‌തത്‌.

തീർച്ചയായും അർഹിച്ചിരുന്ന 2020 ബാലൺ ഡി ഓർ പുരസ്‌കാരം കോവിഡ് മഹാമാരി മൂലം മാറ്റിവെക്കപ്പെട്ടതിനെ തുടർന്ന് നേടാനാകാതെ പോയ ലെവൻഡോസ്‌കിക്ക് 2021ലെ ബാലൺ ഡി ഓറും നഷ്‌ടമായത്‌ വലിയ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ഒരു പോളിഷ് മാധ്യമത്തോടു സംസാരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാക്കിയ താരം ചടങ്ങിൽ വെച്ച് മെസി പറഞ്ഞ വാക്കുകളെപ്പറ്റി തന്റെ അഭിപ്രായവും പറഞ്ഞു.

"എനിക്കത് വിഷമമുണ്ടാക്കി, ഞാനത് നിഷേധിക്കുന്നില്ല. ഞാൻ സന്തോഷവാനായിരുന്നു എന്നു പറയാനാവില്ല, മറിച്ച് എനിക്കു സങ്കടമുണ്ട്. മെസിയുമായി മത്സരിച്ചു, വളരെ അടുത്തെത്തി, തീർച്ചയായും താരത്തിന്റെ നേട്ടങ്ങളെ ഞാൻ ബഹുമാനിക്കുന്നു. താരവുമായി മത്സരിക്കാൻ കഴിഞ്ഞതിലൂടെ എനിക്ക് എത്താൻ കഴിഞ്ഞ തലവും കാണിച്ചു തന്നു." ലെവൻഡോസ്‌കി കനാലെ സ്പോർട്ടോവിമിനോട് പറഞ്ഞു.

അതേസമയം ബാലൺ ഡി ഓർ നേടിയതിനു ശേഷം 2020 ബാലൺ ഡി ഓർ ലെവൻഡോസ്‌കിക്ക് നൽകണമെന്നു മെസി പറഞ്ഞതിൽ ലെവൻഡോസ്‌കി തൃപ്തനല്ലെന്നു താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. " 2020 ബാലൺ ഡി ഓർ ലഭിക്കുന്നതിൽ എനിക്കത്ര ഉത്സാഹമില്ല. (മെസിയുടെ പ്രതികരണം) ഒരു മികച്ച കളിക്കാരനിൽ നിന്നുള്ള ആത്മാർത്ഥവും മര്യാദ നിറഞ്ഞതുമായ പ്രസ്താവന ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അല്ലാതെ വെറും ശൂന്യമായ വാക്കുകളല്ല," താരം പറഞ്ഞു.

2020-21 സീസണിൽ 40 മത്സരങ്ങളിൽ നിന്നും 48 ഗോളുകൾ നേടിയ ലെവൻഡോസ്‌കി ജർമൻ ലീഗ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർകപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കിയപ്പോൾ ലാ ലീഗ ടോപ് സ്കോററായിരുന്ന മെസി ക്ലബിനൊപ്പം കോപ്പ ഡെൽ റേയും അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടവുമാണ് സ്വന്തമാക്കിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit