Football in Malayalam

മെസിയുടെ റെക്കോർഡ് ബാലൺ ഡി ഓർ നേട്ടത്തോടു പ്രതികരിച്ച് റോബർട്ട് ലെവൻഡോസ്‌കി

Sreejith N
Ballon D'Or : Ceremony At Theatre Du Chatelet In Paris
Ballon D'Or : Ceremony At Theatre Du Chatelet In Paris / Aurelien Meunier/GettyImages
facebooktwitterreddit

തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കിയതിൽ പ്രതികരിച്ച് ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി. മുൻ വർഷങ്ങളില്ലാത്ത തരത്തിൽ നിരവധി താരങ്ങൾക്ക് ഒരുപോലെ ബാലൺ ഡി ഓർ സാധ്യത കൽപ്പിക്കപ്പെട്ട ഈ വർഷം മെസി 613 പോയിന്റുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനം സ്വന്തമാക്കിയ റോബർട്ട് ലെവൻഡോസ്‌കിക്ക് 580 പോയിന്റാണ് നേടാനായത്.

അസാമാന്യമായ പ്രകടനം നടത്തി ടീമിനു നിരവധി കിരീടങ്ങൾ നൽകിയതിന്റെ പേരിൽ കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ലെവൻഡോസ്‌കി അർഹനായിരുന്നു എങ്കിലും കോവിഡ് മൂലം പുരസ്‌കാരം നൽകുന്നില്ലെന്നു തീരുമാനിച്ചത് താരത്തിനു തിരിച്ചടിയായി. ഇത്തവണയും മികച്ച പ്രകടനം നടത്തിയ ബയേൺ താരത്തിനു പിന്തുണ നൽകി, മെസി ഈ വർഷത്തെ ബാലൺ ഡി ഓർ അർഹിക്കുന്നില്ലെന്ന വാദം പലരും ഉയർത്തുന്നുണ്ടെങ്കിലും അതിലൊന്നും തൊടാതെ പ്രൊഫെഷണൽ സമീപനമാണ് ഇക്കാര്യത്തിൽ ലെവൻഡോസ്‌കി പുലർത്തിയത്.

"2021 ബാലൺ ഡി ഓർ നേടിയ ലിയോ മെസിക്കും അലെക്‌സിയ പുടെയ്യാസിനും അഭിനന്ദനങ്ങൾ, നാമനിർദ്ദേശം ലഭിക്കപ്പെട്ട താരങ്ങൾക്കും അഭിനന്ദനങ്ങൾ. എനിക്ക് 'സ്‌ട്രൈക്കർ ഓഫ് ദി ഇയർ' അവാർഡും ലഭിച്ചു, കരുത്തുറ്റ ടീമും വിശ്വസ്‌തരായ ആരാധകരും ഉണ്ടെങ്കിലല്ലാതെ ഒരാൾക്കും വ്യക്തിഗത അവാർഡ് വിജയിക്കാൻ കഴിയില്ല. നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി," ലെവൻഡോസ്‌കി ട്വീറ്റ് ചെയ്‌തു.

അതേസമയം തനിക്ക് പിന്നിൽ രണ്ടാമതായ ബയേൺ താരത്തെ സമാശ്വസിപ്പിക്കുന്ന വാക്കുകളാണ് പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം ലയണൽ മെസി പറഞ്ഞത്. 2020 വർഷത്തെ ബാലൺ ഡി ഓർ തീർച്ചയായും ലെവൻഡോസ്‌കി അർഹിക്കുന്നു എന്നും ഫ്രാൻസ് ഫുട്ബോൾ അതു താരത്തിന് നൽകണം എന്നുമാണ് ലയണൽ മെസി അവാർഡ് സ്വീകരിച്ചതിനു ശേഷം വ്യക്തമാക്കിയത്.


facebooktwitterreddit