Football in Malayalam

ബയേണിന്റെ ഏഴു ഗോൾ വിജയത്തിൽ പുതിയ ചാമ്പ്യൻസ് ലീഗ് റെക്കോർഡുമായി റോബർട്ട് ലെവൻഡോസ്‌കി

Sreejith N
Lewandowski Scored Fastest Hat-trick In Champions League History
Lewandowski Scored Fastest Hat-trick In Champions League History / Alex Grimm/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാംപാദ മത്സരത്തിൽ ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് കീഴടക്കിയപ്പോൾ മത്സരത്തിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി സ്വന്തമാക്കിയത് മറ്റൊരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിൽ തന്നെ ഹാട്രിക്ക് നേട്ടം പൂർത്തിയാക്കിയ ലെവൻഡോസ്‌കി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്ക് പൂർത്തിയാക്കുന്ന താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.

പന്ത്രണ്ടാം മിനുട്ടിലാണ് പെനാൽറ്റിയിലൂടെ ലെവൻഡോസ്‌കി തന്റെയും ബയേൺ മ്യൂണിക്കിന്റെയും ആദ്യത്തെ ഗോൾ നേടുന്നത്. അതിനു ശേഷം ഇരുപത്തിയൊന്നാം മിനുട്ടിൽ ലഭിച്ച മറ്റൊരു പെനാൽറ്റി കൂടി ലക്ഷ്യത്തിലെത്തിച്ച താരം രണ്ടു മിനുട്ടിനകം വീണ്ടും ലക്‌ഷ്യം കണ്ടു. ഇതോടെ മിലാനു വേണ്ടി മാർകോ സിമോൺ 1996ൽ നേടിയ 24 മിനുട്ടിൽ ഹാട്രിക്കെന്ന ചാമ്പ്യൻസ് ലീഗ് റെക്കോർഡാണ് ലെവൻഡോസ്‌കി തകർത്തത്.

ഹാട്രിക്ക് നേട്ടത്തിനു ശേഷം ലെവൻഡോസ്‌കി ഗോളുകളൊന്നും നേടിയില്ലെങ്കിലും ബയേൺ മ്യൂണിക്ക് അവിടം കൊണ്ടും നിർത്താൻ ഉദ്ദേശമില്ലായിരുന്നു. ലെവൻഡോസ്‌കിക്കു പുറമെ തോമസ് മുള്ളറുടെ ഇരട്ടഗോളുകളും സെർജിയോ ഗ്നാബ്രി, ലെറോയ് സാനെ എന്നിവരുടെ ഗോളുകളുമാണ് ബയേണിനു വമ്പൻ വിജയം നേടിക്കൊടുത്തത്. ആദ്യപാദത്തിൽ 1-1ന്റെ സമനില വഴങ്ങിയ ബയേൺ ഇതോടെ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ തങ്ങൾക്ക് കഴിയുമെന്ന ശക്തമായ മുന്നറിയിപ്പു നൽകിയാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഇന്നലത്തെ മത്സരത്തിലെ ഹാട്രിക്ക് ഗോൾനേട്ടം ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർ സ്ഥാനത്തേക്ക് വീണ്ടുമെത്താനും ലെവൻഡോസ്‌കിയെ സഹായിച്ചു. ഇതുവരെ പന്ത്രണ്ടു ഗോളുകളാണ് പോളിഷ് സ്‌ട്രൈക്കർ ഈ സീസണിൽ നേടിയിരിക്കുന്നത്. പതിനൊന്നു ഗോളുകൾ നേടിയ അയാക്‌സ് താരം സെബാസ്റ്റ്യൻ ഹാളർ ഹാലൻഡിനു തൊട്ടു പിന്നിലുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit