Football in Malayalam

ബയേണിന്റെ വിജയത്തിൽ റൊണാൾഡോയുടെ ഗോൾവേട്ടയുടെ റെക്കോർഡിനൊപ്പമെത്തി ലെവൻഡോസ്‌കി

Sreejith N
FC Bayern München v VfL Wolfsburg - Bundesliga
FC Bayern München v VfL Wolfsburg - Bundesliga / Alexander Hassenstein/GettyImages
facebooktwitterreddit

വോൾഫ്‌സ്ബർഗിനെതിരെ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം നേടിയ ബുണ്ടസ്‌ലിഗ മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടെ സൂപ്പർതാരം റൊണാൾഡോയുടെ ഒരു വർഷത്തെ ഏറ്റവുമുയർന്ന ഗോൾവേട്ടയുടെ റെക്കോർഡിന്റെ ഒപ്പമെത്തി റോബർട്ട് ലെവൻഡോസ്‌കി. 2013ൽ റൊണാൾഡോ നേടിയ 69 ഗോളുകളുടെ റെക്കോർഡിനൊപ്പമാണ് കഴിഞ്ഞ ഏതാനും സീസണുകളിലായി അസാമാന്യ ഫോമിൽ കളിക്കുന്ന ലെവൻഡോസ്‌കി എത്തിയത്.

തോമസ് മുള്ളർ ബുണ്ടസ്‌ലിഗയിൽ നാനൂറാമത്തെ മത്സരം കളിച്ച് ഒരു ഗോൾ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്‌ത കളിയിൽ ടീമിന്റെ അവസാനത്തെ ഗോളാണ് ലെവൻഡോസ്‌കി നേടിയത്. ഉപമേകാനോ. ലെറോയ് സാനെ എന്നിവരാണ് മറ്റു ഗോളുകൾ കുറിച്ചത്. റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പം എത്തിയെങ്കിലും ഒരു വർഷത്തിൽ ഏറ്റവുമധികം ഗോളെന്ന നേട്ടത്തിന്റെ അടുത്തെത്താൻ പോലും താരത്തിനും കഴിഞ്ഞില്ല. 2012ൽ 91 ഗോളുകൾ നേടിയ മെസിയുടെ പേരിലാണ് ഈ റെക്കോർഡുള്ളത്.

ഇതിനു പുറമെ ജർമൻ ഇതിഹാസം യെർദ് മുള്ളറുടെ മറ്റൊരു റെക്കോർഡും ലെവൻഡോസ്‌കി മത്സരത്തിലൂടെ ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്. ഒരു വർഷത്തിൽ ഏറ്റവുമധികം ബുണ്ടസ്‌ലിഗ ഗോളുകളെന്ന യെർദ് മുള്ളർ സ്ഥാപിച്ച റെക്കോർഡാണ് ഈ വർഷം തന്റെ നാൽപത്തിമൂന്നാം ഗോളിലൂടെ പോളണ്ട് സ്‌ട്രൈക്കർ തകർത്തത്. ഒരു സീസണിൽ ഏറ്റവുമധികം ബുണ്ടസ്‌ലിഗ ഗോളുകളെന്ന യെർദ് മുള്ളറുടെ റെക്കോർഡ് കഴിഞ്ഞ സീസണിൽ ലെവൻഡോസ്‌കി തന്നെ തകർത്തിരുന്നു.

ഈ സീസണിലിതു വരെ പതിനെട്ടു ഗോളുകളാണ് റോബർട്ട് ലെവൻഡോസ്‌കി ലീഗിൽ സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ കൂടി കരുത്തിൽ മികച്ച ഫോമിൽ മുന്നോട്ടു കുതിക്കുന്ന ബയേൺ മ്യൂണിക്ക് 17 മത്സരങ്ങളിൽ നിന്നും 43 പോയിന്റുകൾ നേടി ലീഗിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റുകൾ നേടിയ ബൊറൂസിയ ഡോർട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit