ബാഴ്സലോണയിലേക്ക് ചേക്കേറാൻ ബയേണിനു മേൽ സമ്മർദവുമായി ലെവൻഡോസ്കി, പ്രീ സീസൺ പരിശീലനത്തിൽ പങ്കെടുക്കില്ല


റോബർട്ട് ലെവൻഡോസ്കിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള ബന്ധം അത്ര സുഖകരമായ സാഹചര്യത്തിലൂടെയല്ല കടന്നു പോകുന്നത്. കരാർ പുതുക്കാൻ വേണ്ടി താരം മുന്നോട്ടു വെച്ച ആവശ്യങ്ങൾ നിരസിച്ച ബയേൺ മ്യൂണിക്ക് ബാഴ്സയിലേക്ക് ചേക്കേറാനുള്ള ലെവൻഡോസ്കിയുടെ ആഗ്രഹത്തോടും അനുകൂലമായ നിലപാടല്ല നിലവിൽ സ്വീകരിച്ചിരിക്കുന്നത്.
ബയേൺ മ്യൂണിക്ക് വിടണമെന്ന തന്റെ ആഗ്രഹം പോളിഷ് സ്ട്രൈക്കർ പരസ്യമായി വെളിപ്പെടുത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ അതിലും കുലുങ്ങാത്ത ബയേൺ മ്യൂണിക്ക് ലെവൻഡോസ്കിയെ ക്ലബിനൊപ്പം നിലനിർത്താനാണ് തങ്ങളുടെ പദ്ധതിയെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
Robert Lewandowski does not want to do pre-season with Bayern Munich https://t.co/U6XuSY1MdK
— SPORT English (@Sport_EN) June 5, 2022
എന്നാൽ ബയേൺ മ്യൂണിക്ക് വിടാനുള്ള ലെവൻഡോസ്കിയുടെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്നാണ് സ്പോർട്ട് വണിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനായി ജർമൻ ക്ലബിനു മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടി മുപ്പത്തിനാല് വയസുള്ള താരം പ്രീ സീസൺ പരിശീലനത്തിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാൻ ലെവൻഡോസ്കി സന്നദ്ധനായിരുന്നു എങ്കിലും കരാർ കാലാവധി, പ്രതിഫലം എന്നിങ്ങനെ താരം മുന്നോട്ടു വെച്ച ആവശ്യങ്ങൾ ബയേൺ തള്ളിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം മോശമാകാൻ കാരണമായത്. ക്ലബിനു വേണ്ടി സാധ്യമായ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കിയ താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് മാത്രം പുതുക്കാനേ ബയേൺ തയ്യാറുള്ളൂ.
താരത്തിനായി ബാഴ്സലോണയാണ് സജീവമായി രംഗത്തുള്ളത് എങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ അവർ എങ്ങിനെ ട്രാൻസ്ഫർ പൂർത്തീകരിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. റിപ്പോർട്ടുകൾ പ്രകാരം ഇതിനായി സാമ്പത്തിക നിക്ഷേപം വരുന്ന കരാറുകൾ ഒപ്പിടാനും ചില താരങ്ങളെ വിൽക്കാനും ബാഴ്സ ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.