'മറ്റൊരു ലീഗിൽ കഴിവു തെളിയിക്കേണ്ട ആവശ്യം എനിക്കില്ല' - ബയേണിൽ തന്നെ തുടരുമെന്ന സൂചനകൾ നൽകി ലെവൻഡോസ്കി


മറ്റൊരു ലീഗിൽ സ്വന്തം കഴിവു തെളിയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ബയേൺ മ്യൂണിക്ക് മുന്നേറ്റനിര താരമായ റോബർട്ട് ലെവൻഡോസ്കി. 2020-21 സീസണിൽ യൂറോപ്പിലെ വിവിധ ലീഗുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരം ഏറ്റു വാങ്ങിയതിനു ശേഷം സംസാരിച്ച പോളണ്ട് താരം ബയേൺ വിടാനുള്ള സാധ്യതയില്ലെന്ന സൂചനകലാണു നൽകിയത്.
സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലെവൻഡോസ്കി 2014ലാണ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്നത്. അതിനു ശേഷമിന്നു വരെ മറ്റൊരു സ്ട്രൈക്കറെ കുറിച്ച് ബയേണിനു ചിന്തിക്കേണ്ടി വന്നിട്ടില്ല. ഇക്കാലയളവിലെ എല്ലാ ജർമൻ ലീഗ് കിരീടങ്ങളും നേടിയ ബയേൺ ഒരിക്കൽ ചാമ്പ്യൻസ് ലീഗും ഉയർത്തുകയുണ്ടായി.
European Golden Shoe winner Lewandowski: I don't have to prove myself in another league https://t.co/XKpOlBeOnr pic.twitter.com/dWLAFz5o3q
— Goal South Africa (@GoalcomSA) September 21, 2021
"എനിക്കു മറ്റൊരു ലീഗിൽ സ്വയം കഴിവു തെളിയിക്കേണ്ട ആവശ്യമില്ല. മറ്റു ലീഗുകളിൽ നിന്നുള്ള മികച്ച ടീമുകളുമായി ചാമ്പ്യൻസ് ലീഗിൽ എനിക്കു പോരാടാൻ കഴിയും. നൂറു ശതമാനവും ബയേൺ മ്യൂണിക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ മുന്നോട്ടു പോകുന്നത്. എന്റെ ടീമിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ഞാൻ ആലോചിക്കുന്നില്ല." ലെവൻഡോസ്കി പറഞ്ഞു.
ഒരു മാസത്തോളം പരിക്കു മൂലം പുറത്തിരുന്നിട്ടും കഴിഞ്ഞ സീസണിൽ 29 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ അടിച്ചു കൂട്ടിയ ലെവൻഡോസ്കി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ചെൽസിയാണ് താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നതെങ്കിലും ബയേൺ കനത്ത തുക ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ അതിൽ നിന്നും പിന്മാറുകയായിരുന്നു.
"ഞാൻ ഇവിടെയുണ്ട്, വളരെക്കാലം ഞാനിവിടെ ഉണ്ടാവുകയും ചെയ്യും. പ്രായമെന്നത് അക്കം മാത്രമാണ്, ഞാൻ വളരെ നല്ല രീതിയിൽ തുടരുന്നു, ഇതുവരെയുണ്ടായതിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നു. ഈ ശരീരവുമായി ടോപ് ലെവൽ ഫുട്ബോളിൽ ഇനിയും വർഷങ്ങൾ തുടരാൻ കഴിയുമെന്ന് എനിക്കറിയാം. നല്ല വീഞ്ഞു പോലെ ഞാൻ ഇനിയും മികച്ചതാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ലെവൻഡോസ്കി കൂട്ടിച്ചേർത്തു.