ലെവൻഡോസ്കി ബാഴ്സലോണയിലേക്ക് ചേക്കേറാൻ തീരുമാനിച്ചതിനു പിന്നിലെ കാരണം 2021ലെ ബാലൺ ഡി ഓർ മെസിക്കു ലഭിച്ചത്


ഫുട്ബോൾ ലോകത്ത് ഇപ്പോൾ നടക്കുന്ന ചൂടു പിടിച്ച ട്രാൻസ്ഫർ ചർച്ചകളിലൊന്ന് അടുത്ത സീസണിൽ റോബർട്ട് ലെവൻഡോസ്കി ഏതു ക്ലബിൽ കളിക്കുമെന്നതാണ്. ബയേൺ മ്യൂണിക്കുമായുള്ള കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കെ താരം അതു പുതുക്കാൻ തയ്യാറായിട്ടില്ലെന്നതിനു പുറമെ ബാഴ്സയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ കൂടുതലാണെന്ന അഭ്യൂഹങ്ങളുമുണ്ട്.
രണ്ടു കാരണങ്ങൾ കൊണ്ടാണ് ലെവൻഡോസ്കി ബയേൺ മ്യൂണിക്ക് വിടാൻ ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളാണ് നേരത്തെ ഉണ്ടായിരുന്നത്. അതിലൊന്ന് കരാർ പുതുക്കാനുള്ള ചർച്ചകളിൽ ബയേൺ നേതൃത്വം കാണിക്കുന്ന അലംഭാവമാണ്. അതിനു പുറമെ നിലവിലെ ബയേൺ പരിശീലകനായ ജൂലിയൻ നെഗൽസ്മാന്റെ പദ്ധതികളിൽ താരത്തിന് താല്പര്യമില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ സ്പാനിഷ് മാധ്യമമായ സ്പോർട്ട് നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ലെവൻഡോസ്കിക്ക് ബാഴ്സയിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടാവാനുള്ള പ്രധാന കാരണം കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ ലയണൽ മെസി സ്വന്തമാക്കിയതാണ്. അതിനു മുൻപത്തെ വർഷം കോവിഡ് കാരണം പുരസ്കാരം ഒഴിവാക്കിയതിനാൽ നഷ്ടമായ അവാർഡ് അതിനടുത്ത വർഷം മികച്ച പ്രകടനം നടത്തിയിട്ടും സ്വന്തമാക്കാൻ കഴിയാതിരുന്നതിൽ ലെവൻഡോസ്കിക്ക് വളരെ നിരാശയുണ്ടായിരുന്നു.
ഏഴാമത്തെ തവണയും ലയണൽ മെസി ബാലൺ ഡി ഓർ നേടിയതു കണ്ടതോടെ ബയേൺ മ്യൂണിക്കിൽ തുടർന്നാൽ പുരസ്കാരം നേടാനുള്ള സാധ്യത കുറവാണെന്ന് താരം ചിന്തിച്ചു. ബാഴ്സലോണക്കുള്ളതു പോലെ ആഗോളതലത്തിൽ വമ്പൻ പിന്തുണ ജർമൻ ക്ലബിനില്ലെന്നതിനാൽ അവിടെ എത്ര റെക്കോർഡ് തകർത്താലും ബാലൺ ഡി ഓർ നേട്ടത്തിന് സാധ്യത കുറവായിരിക്കുമെന്ന് താരം കരുതുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഈ സമ്മറിൽ ബയേൺ വിടാൻ നേരത്തെ തീരുമാനിച്ച താരത്തിന് പ്രീമിയർ ലീഗ് ക്ലബുകളിലേക്കോ പിഎസ്ജിയിലേക്കോ ചേക്കേറാൻ താൽപര്യം ഉണ്ടായിരുന്നില്ല. റയൽ മാഡ്രിഡ് നേരത്തെ തന്നെ താരത്തിനു ലക്ഷ്യമുണ്ടായിരുന്ന ക്ലബാണെങ്കിലും അവിടെ തകർപ്പൻ ഫോമിൽ കളിക്കുന്ന ബെൻസിമയുടെ സാന്നിധ്യം മൂലം ബാഴ്സലോണയെ പരിഗണിക്കാൻ താരം തീരുമാനിക്കുകയായിരുന്നു.
ഇതുവരെയും ബാഴ്സലോണയും റോബർട്ട് ലെവൻഡോസ്കിയും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടില്ല. ബയേൺ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ലെവൻഡോസ്കി അതിനോട് അനുകൂലമായി പ്രതികരിച്ചെക്കില്ല. അടുത്ത സീസണിൽ സാവിയുടെ പദ്ധതികളിലെ പ്രധാനതാരമായി താരം ബാഴ്സലോണ ജേഴ്സിയിൽ തന്നെ ഇറങ്ങാനാണ് ഇപ്പോൾ സാധ്യത കൂടുതൽ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.