Bayern M�nchen News

ചർച്ചകൾ വിഫലം, ബയേൺ മ്യൂണിക്കുമായി പുതിയ കരാർ ഒപ്പിടില്ലെന്നു സ്ഥിരീകരിച്ച് റോബർട്ട് ലെവൻഡോസ്‌കി

Sreejith N
Lewandowski Confirms He Won't Extend Bayern Contract
Lewandowski Confirms He Won't Extend Bayern Contract / Stuart Franklin/GettyImages
facebooktwitterreddit

അടുത്ത സീസണോടെ ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കാനില്ലെന്നു വ്യക്തമാക്കി ടീമിന്റെ സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്‌കി. മുപ്പത്തിമൂന്നു വയസുള്ള താരവുമായി കരാർ പുതുക്കാൻ വേണ്ടി ബയേൺ മ്യൂണിക്ക് നടത്തിയ ചർച്ചകൾ വിജയം കണ്ടില്ലെന്നും താരം സമ്മറിൽ തന്നെ ക്ലബ് വിടുമെന്നും ഇതു വ്യക്തമാക്കുന്നു.

കഴിഞ്ഞ നിരവധി സീസണുകളായി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ റോബർട്ട് ലെവൻഡോസ്‌കി കരാർ പുതുക്കാൻ മുന്നോട്ടു വെച്ച ആവശ്യങ്ങൾ ബയേൺ മ്യൂണിക്കിനും ജർമൻ ക്ലബ് മുന്നോട്ടു വെച്ച ഓഫറുകൾ പോളിഷ് താരത്തിനും സ്വീകാര്യമല്ലാത്തതു കൊണ്ടാണ് ചർച്ചകൾ പരാജയപ്പെട്ടത്.

"ഞാൻ ബയേൺ സിഇഒയായ ഹസനോടു സംസാരിക്കുകയും എഫ്‌സി ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുത്ത വിവരം അറിയിക്കുകയും ചെയ്‌തത് സ്ഥിരീകരിക്കുന്നു. രണ്ടു കക്ഷികൾക്കും ഭാവിയെക്കുറിച്ച് ചിന്തിക്കണം. രണ്ടു പേർക്കും ഏറ്റവും സ്വീകാര്യമായ പരിഹാരം കണ്ടെത്തുന്നതു തന്നെയാണ് നല്ല കാര്യം."

"ഏതെങ്കിലും ഓഫർ വന്നാൽ അതേക്കുറിച്ച് ചിന്തിക്കണം എന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. രണ്ടു പേരും ഭാവിയെക്കുറിച്ച് ചിന്തിക്കണം. അതാണ് എനിക്ക് പറയാനുള്ളത്." സ്കൈ സ്പോട്സിനോട് സംസാരിക്കുമ്പോൾ ലെവൻഡോസ്‌കി പറഞ്ഞു. ഇതിനു പിന്നാലെ ലെവൻഡോസ്‌കി ക്ലബ് വിടാനുള്ള തീരുമാനം അറിയിച്ചുവെന്ന് ബയേൺ സിഇഒയും അറിയിക്കുകയുണ്ടായി.

ലെവൻഡോസ്‌കിയുടെ ഭാവിയെക്കുറിച്ച് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ. താരത്തെ സ്വന്തമാക്കാൻ കാറ്റലൻ ക്ലബ് രംഗത്തുണ്ടെങ്കിലും ബയേൺ മ്യൂണിക്കുമായി ട്രാൻസ്‌ഫർ ഫീസ് അടക്കമുള്ള കാര്യങ്ങൾ ധാരണയിൽ എത്തിയാൽ മാത്രമേ അത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit