Football in Malayalam

മൗറോ ഇകാർഡിയെ സ്വന്തമാക്കാൻ യുവന്റസ് മുന്നോട്ടു വെച്ച കൈമാറ്റക്കരാർ നിരസിച്ച് പിഎസ്‌ജി ചീഫ് ലിയനാർഡോ

Sreejith N
Paris Saint-Germain v Lille OSC - Ligue 1
Paris Saint-Germain v Lille OSC - Ligue 1 / John Berry/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകം അടുത്തെത്തി നിൽക്കെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ ടീമിന്റെ ഭാഗമാക്കിയ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയെ സംബന്ധിച്ച് ജനുവരി ട്രാൻസ്‌ഫർ ജാലകം വളരെ നിർണായകമാണ്. ടീമിന്റെ പദ്ധതികളുടെ ഭാഗമല്ലാത്ത താരങ്ങളെ ഒഴിവാക്കാനും ക്ലബിന്റെ വേതനബിൽ കുറക്കാനും ഈ അവസരം അവർ ഉപയോഗിക്കും.

അതിനിടയിൽ ടീമിന്റെ മുന്നേറ്റനിര താരമായ മൗറോ ഇകാർഡിക്കു വേണ്ടി ഇറ്റാലിയൻ ക്ലബായ യുവന്റസ് മുന്നോട്ടു വെച്ച ഓഫർ പിഎസ്‌ജി നിരസിച്ചുവെന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്‌പോർട് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മുൻ ബാഴ്‌സലോണ താരമായ ആർതർ മേലോയെ നൽകി ഇകാർഡിയെ സ്വന്തമാക്കാനുള്ള ഓഫറാണ് പിഎസ്‌ജി ഡയറക്റ്റർ ലിയനാർഡോ തള്ളിക്കളഞ്ഞത്.

ഇകാർഡിയെ ജനുവരിയിൽ ടീം വിടാൻ അനുവദിക്കാൻ ലിയാനാർഡോ താത്പര്യപ്പെടുന്നുണ്ട് എങ്കിലും അതൊരു ലോൺ കരാറിൽ ആയിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലോണിനു ശേഷം സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആ ക്ലബിനു നടത്താമെങ്കിലും സ്ഥിരം ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ അവസാന തീരുമാനം പിഎസ്‌ജിയുടേത് തന്നെ ആയിരിക്കണമെന്നും ലിയനാർഡോ താത്പര്യപ്പെടുന്നുണ്ട്.

ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന കെയ്‌ലിയൻ എംബാപ്പെ അതു പുതുക്കാതിരിക്കുന്നതാണ് ഇകാർഡിയെ വിട്ടു കൊടുക്കാൻ പിഎസ്‌ജി മടിക്കുന്നതിന്റെ പിറകിലെന്നാണ് മനസിലാക്കേണ്ടത്. ഇ സീസണിൽ ഇരുപതു മത്സരങ്ങൾ കളിച്ച് അഞ്ചു ഗോളുകൾ നേടിയ ഇകാർഡി എംബാപ്പക്ക് പകരക്കാരനായി ഉപയോഗിക്കാൻ കഴിയുന്ന താരമാണ്. കഴിഞ്ഞ മത്സരത്തിൽ പിഎസ്‌ജിയെ തോൽ‌വിയിൽ നിന്നും രക്ഷിച്ച ഗോൾ നേടിയതും അർജന്റീനിയൻ സ്‌ട്രൈക്കർ തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit