Football in Malayalam

എംബാപ്പയെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യും, ഇരുനൂറു മില്യണിന്റെ കോണ്ട്രാക്റ്റ് ഓഫർ ചെയ്‌തിട്ടില്ലെന്ന് ലിയനാർഡോ

Sreejith N
Paris Saint Germain v AS Saint-Etienne - Ligue 1 Uber Eats
Paris Saint Germain v AS Saint-Etienne - Ligue 1 Uber Eats / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന കിലിയൻ എംബാപ്പയെ ക്ലബിനൊപ്പം നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ ലിയനാർഡോ. അതേസമയം എംബാപ്പെയെ നിലനിർത്താൻ ഇരുനൂറു മില്യൺ യൂറോയുടെ കരാർ പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു.

അടുത്ത സമ്മറിൽ ഫ്രീ ഏജന്റാകുന്ന കിലിയൻ എംബാപ്പെ ഇതുവരെയും കരാർ പുതുക്കാനുള്ള പിഎസ്‌ജിയുടെ ഓഫറുകൾ പരിഗണിച്ചിട്ടില്ല. ഫ്രഞ്ച് താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാൻ റയൽ മാഡ്രിഡ് കാത്തിരിക്കുന്നുണ്ടെങ്കിലും ഇതുവരെയും തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും സീസണിനു ശേഷം മാത്രമേ അതു പരിഗണിക്കൂവെന്നുമാണ് എംബാപ്പെ വ്യക്തമാക്കിയത്.

താരത്തിനായി ഇരുനൂറു മില്യൺ യൂറോയുടെ ഓഫർ നൽകിയെന്ന അഭ്യൂഹങ്ങളിൽ എൽ എക്വിപ്പെയോട് ലിയനാർഡോയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "അതു ശരിയല്ല, ഞങ്ങൾ കൃത്യമായ ഓഫർ അയച്ചിട്ടില്ല. അതിലൊരു പ്രധാന ഘടകമുണ്ട്, ഈ കരാറിൽ ഞങ്ങൾ അവസാനമായി ഇടുന്നത് തുകയായിരിക്കും എന്നു ഞാൻ കരുതുന്നു. ഏറ്റവും മികച്ച കളിക്കാരന് സാധ്യമായ ഏറ്റവും മികച്ച അവസ്ഥ നൽകാനാണ് ഞങ്ങൾക്കു താൽപര്യം. തുക തീരുമാനിക്കുന്നതിന് അവസാനത്തെ രണ്ടു മിനുട്ട് മാത്രമേ എടുക്കൂവെന്നും ഞാൻ കരുതുന്നു."

പിഎസ്‌ജിയിൽ എംബാപ്പെ തുടരാനുള്ള സാധ്യതകളെപ്പറ്റി ലിയനാർഡോ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. "താരത്തെ നിലനിർത്താനുള്ള സാധ്യതകൾ? എനിക്കതേപ്പറ്റി പറയാൻ കഴിയില്ല, പക്ഷെ അതിനുള്ള സാധ്യതയുണ്ട്. ഒപ്പിടാത്തിടത്തോളം ഞങ്ങൾ എല്ലാ രീതിയിലും താരത്തെ നിലനിർത്താൻ ശ്രമിക്കും. റയൽ മാഡ്രിഡിനെതിരായ ഫലത്തെ അടിസ്ഥാനമാക്കി താരം അതു തീരുമാനിക്കുമെന്ന് ഞാൻ കരുതുന്നില്ല."

"ഞങ്ങൾക്കൊരു പുതിയ തലമുറ ഉയർന്നു വരുന്നുണ്ട്, പരിശീലന മൈതാനത്തു നിന്നുള്ള യുവതാരങ്ങളുണ്ട്, മറ്റു നിക്ഷേപങ്ങൾ നടത്താനുള്ള ആഗ്രഹവുമുണ്ട്. ഖത്തർ കഴിഞ്ഞ പത്തു വർഷം ചെയ്‌തതാണ്‌ മറ്റു മഹത്തായ ക്ലബുകൾക്കൊപ്പം പിഎസ്‌ജിയെയും എത്തിച്ചത്. ഇന്നീ ക്ലബ് ഒരു യാഥാർഥ്യമാണ്. അത് സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു." ലിയനാർഡോ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit