പത്താം നമ്പർ ജേഴ്സി കൈമാറാൻ നെയ്മർ ഒരുങ്ങിയെങ്കിലും മെസി വേണ്ടെന്നു പറഞ്ഞു: പിഎസ്ജി ഡയറക്റ്റർ


ബാഴ്സലോണ വിട്ട് ലയണൽ മെസി പിഎസ്ജിയിലേക്കു ചേക്കേറിയ സമയത്ത് തന്റെ പത്താം നമ്പർ ജേഴ്സി നെയ്മർ വാഗ്ദാനം ചെയ്തെങ്കിലും അർജന്റീന നായകൻ അതു നിഷേധിച്ചുവെന്ന് ഫ്രഞ്ച് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ. ലയണൽ മെസി പിഎസ്ജിയിലേക്കു ചേക്കേറിയ സമയത്തുണ്ടായ പ്രധാന സംഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ലിയനാർഡോ ഇക്കാര്യം വെളിപ്പെടുത്തിയത്.
"വിശദവിവരങ്ങളിലേക്കു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതു ഞങ്ങൾ സ്വയം സൂക്ഷിക്കുന്ന ഒന്നാണ്. പക്ഷെ അതു സംഭവിച്ച രീതി ഒരു നിശബ്ദതയെ പ്രതിനിധാനം ചെയ്യുന്നതാണ്. അദ്ദേഹം നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. അധികം സംസാരിക്കുന്നില്ല എങ്കിലും അദ്ദേഹം എല്ലായിപ്പോഴും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. അതു വളരെ അതിശയകരമായ ഒന്നാണ്." കനാൽ പ്ലസിനോട് ലിയനാർഡോ പറഞ്ഞു.
"അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് എന്തെങ്കിലുമൊന്ന് ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ മെസിയുടെ വരവിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് തിരിച്ചു പോകാം. അപ്പോൾ നെയ്മർ 'ഞാൻ മെസിക്ക് പത്താം നമ്പർ ജേഴ്സി നൽകാൻ പോകുന്നു, എനിക്കതിൽ യാതൊരു കുഴപ്പവുമില്ല, അതങ്ങിനെയാണ്' എന്നു പറഞ്ഞു."
"എന്നാൽ മെസി പറഞ്ഞു 'എനിക്ക് നെയ്മറുടെ പത്താം നമ്പർ ജേഴ്സി ആവശ്യമില്ല, അതദ്ദേഹത്തിനുള്ളതാണ്, നമുക്ക് മറ്റൊരു നമ്പർ തിരഞ്ഞെടുക്കാം' എന്ന്. ഞങ്ങൾ അതിനു ശേഷം നമ്പറുകൾ ചർച്ച ചെയ്തു. അപ്പോൾ ഇരുപത്തിയെട്ടാം നമ്പർ ജേഴ്സി ആയിരുന്നു ഒഴിവുണ്ടായിരുന്നത്. രണ്ടും എട്ടും പത്തായതു കൊണ്ട് മെസിക്ക് ആ നമ്പർ നൽകാമെന്നാണ് കരുതിയത്."
"എന്നാൽ അവസാനം ഞങ്ങൾ ലീഗ് നേതൃത്വത്തോട് സംസാരിച്ച് ലയണൽ മെസിക്കു വേണ്ടി വ്യത്യസ്ത നിയമം അനുവദിപ്പിച്ചാണ് ഗോൾകീപ്പർമാർക്കു റിസേർവ് ചെയ്തിട്ടുള്ള മുപ്പതാം നമ്പർ ജേഴ്സി നൽകിയത്. നെയ്മർ തന്റെ ജേഴ്സി നൽകാൻ തയ്യാറായതും താരം അതു നിഷേധിച്ചതുമെല്ലാം മനോഹരമായ കഥയായിരുന്നു." ലിയനാർഡോ വ്യക്തമാക്കി.