Football in Malayalam

എംബാപ്പയാണ് ലോകത്തിലെ മികച്ച താരം, ഫ്രഞ്ച് സ്‌ട്രൈക്കർ കരാർ പുതുക്കിയേക്കുമെന്ന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

കെയ്‌ലിയൻ എംബാപ്പെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്റ്റർ ലിയനാർഡോ. ഈ സീസണോടെ ഫ്രീ ഏജന്റായി മാറുന്ന താരവുമായി കരാർ പുതുക്കാൻ വേണ്ടി പറയുന്ന വാക്കുകളല്ല അതെന്നു വ്യക്തമാക്കിയ ലിയനാർഡോ എംബാപ്പെ പുതിയ കരാർ ഒപ്പിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി.

"ഇതു വളരെ സങ്കീർണമായൊരു സാഹചര്യമാണ്. കാരണം, താരം ക്ലബിനൊപ്പം തുടരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ അവന്റെ നിലപാടുകളെ ഞങ്ങൾ ഉൾക്കൊള്ളുകയും വേണം. താരം പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടാൻ ഇപ്പോഴും നല്ല സാധ്യതയുണ്ടെന്നും അത് നടക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." യൂറോപ്പ് വണ്ണുമായുള്ള അഭിമുഖത്തിനിടെ ലിയനാർഡോ പറഞ്ഞു. എംബാപ്പെ ലോകത്തിലെ മികച്ച താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അവൻ മികച്ച താരമാണെന്ന് ഞങ്ങൾ പറയുന്നത് പുതിയ കരാർ ഒപ്പിടുന്നതിനു വേണ്ടിയാണെന്ന് ആളുകൾ പറയും. എന്നാൽ അതല്ല യാഥാർഥ്യം. ക്ലബിനു വേണ്ടതിനേക്കാൾ വലുതാണത്. ഇരുപത്തിമൂന്നു വയസിലേക്ക് അടുക്കുമ്പോൾ തന്നെ താരത്തിന് സ്വയം ഒരു പക്വത വന്നിട്ടുണ്ട്." അദ്ദേഹം വ്യക്തമാക്കി. ക്ലബിന്റെ പരിശീലകൻ പോച്ചട്ടിനോയെക്കുറിച്ചും ലിയനാർഡോ പറഞ്ഞു.

"അദ്ദേഹം വന്നപ്പോൾ ഉണ്ടായിരുന്ന അതെ ചിന്ത തന്നെയാണ് ഞങ്ങൾക്കിപ്പോഴും ഉള്ളത്. സമ്മറിൽ ഉണ്ടായ മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കും. ഞങ്ങളുടെ കയ്യിലുള്ള താരങ്ങളുമായും അതു ചെയ്യേണ്ടതാണ്." അദ്ദേഹം പറഞ്ഞു.

നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പിഎസ്‌ജിയുടെ ടോപ് സ്കോററായ എംബാപ്പെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ടീമിനു വേണ്ടി വല കുലുക്കിയിരുന്നു. എന്നാൽ ഈ സീസണിൽ പിഎസ്‌ജിയുടെ പ്രകടനം കണക്കാക്കിയാവും താരം ക്ലബിനൊപ്പം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit