Football in Malayalam

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ പിഎസ്‌ജിക്കു കഴിഞ്ഞതെങ്ങിനെയെന്നു വെളിപ്പെടുത്തി ലിയനാർഡോ

Sreejith N
Paris Saint-Germain v AS Monaco - Ligue 1
Paris Saint-Germain v AS Monaco - Ligue 1 / John Berry/GettyImages
facebooktwitterreddit

ഘടനാപരമായ മികവും വളരെ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുന്ന നേതൃത്വവും കൊണ്ടാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ പിഎസ്‌ജിക്കു കഴിഞ്ഞതെന്ന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ. ലാ സോർബോണിൽ കഴിഞ്ഞ ദിവസം ഒരു സമ്മേളനത്തിനായി എത്തിയ അദ്ദേഹം നിരവധി വിഷയങ്ങൾ സംസാരിച്ചതിനൊപ്പമാണ് മെസിയെപ്പോലൊരു സൂപ്പർതാരത്തെ പിഎസ്‌ജി ടീമിലെത്തിച്ചതിനെപ്പറ്റി പറഞ്ഞത്.

"ഞങ്ങൾക്ക് ചില ടീമുകളെപ്പോലെയുള്ള ട്രാക്ക് റെക്കോർഡ് ഇല്ലെന്നതു ശരി തന്നെയാണ്. എന്നാൽ ഞങ്ങൾക്ക് ഘടനയും ഗുണനിലവാരവും മികച്ച സംഘാടനവും ഉണ്ട്. പ്രതിനിധാനം ചെയ്യുന്നതിനെ താരതമ്യം ചെയ്‌തു നോക്കുമ്പോൾ പാരീസ് ഒരു പ്രത്യേക നഗരമാണ്. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന നിരവധി കാര്യങ്ങൾ അവിടെ ഉള്ളതിനാൽ തന്നെ നിങ്ങളുടെ ഏകാഗ്രതയും അതു നഷ്ടമാക്കിയേക്കും," ലിയനാർഡോ പറഞ്ഞു.

"ഞങ്ങൾക്ക് അപൂർവമായ ചില കാര്യങ്ങളുണ്ട്. നിക്ഷേപിക്കപ്പെട്ട ഫണ്ടുകൾ ഉള്ള ക്ലബുകളുണ്ടെങ്കിലും അത് യഥാർത്ഥ ബോസ് അല്ല. അവിടെ തീരുമാനങ്ങൾ മന്ദഗതിയിലാണ്. ഞങ്ങൾക്ക് ചെറുതെങ്കിലും വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു ഘടനയുണ്ട്. അതു ഞങ്ങളെ വളരെയധികം സഹായിക്കുന്നു. അതില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് മെസിയെ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു." ലിയനാർഡോ വ്യക്തമാക്കി.

ഖത്തരി ഉടമകൾ സ്വന്തമാക്കിയതിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രത്തിലേക്ക് നടന്നു കയറുക എന്നതാണു പിഎസ്‌ജിയുടെ പ്രധാന ലക്ഷ്യമെങ്കിലും ഇതുവരെയും അത് പൂർത്തീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മെസിയുടെ വരവോടെ അതിനു കഴിയുമെന്നാണ് പ്രതീക്ഷയെങ്കിലും അതിനായി ടീം ഇനിയും മെച്ചപ്പെടണം എന്നതിൽ യാതൊരു സംശയവുമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit