'ഞങ്ങൾ ആഗ്രഹിക്കുന്നതു പോലെയല്ല കളിച്ചു കൊണ്ടിരിക്കുന്നത്' - പിഎസ്ജിയുടെ പ്രകടനത്തെ വിമർശിച്ച് ലിയനാർഡോ


ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകം പൂർത്തിയായപ്പോൾ എല്ലാ കണ്ണുകളും ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ ആയിരുന്നു. അഷ്റഫ് ഹക്കിമി, സെർജിയോ റാമോസ്. ജിയാൻലൂയിജി ഡോണറുമ്മ, ജോർജിനിയോ വൈനാൾഡാം എന്നിവരെ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ സ്വന്തമാക്കിയ ഫ്രഞ്ച് ക്ലബ് അതിനു ശേഷം ബാഴ്സലോണ വിട്ട ലയണൽ മെസിയെക്കൂടി എത്തിച്ചതോടെ യൂറോപ്പിലെ ഏറ്റവും പ്രബലമായ ക്ലബായി അവർ മാറുമെന്ന് ഏവരും കണക്കുകൂട്ടി.
എന്നാൽ സീസൺ ആരംഭിച്ച് രണ്ടു മാസത്തിലധികം പിന്നിട്ടിട്ടും താളം കണ്ടെത്താൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ലീഗിൽ എതിരാളികളേക്കാൾ പത്തു പോയിന്റ് മുന്നിലാണെങ്കിലും ഇത്രയധികം സൂപ്പർതാരങ്ങൾ കളിക്കുന്ന ടീമെന്ന നിലയിൽ ആധികാരികമായ പ്രകടനം ഇതുവരെയും പിഎസ്ജി കാഴ്ച വെച്ചിട്ടില്ല. ഇതേതുടർന്ന് ഇന്നലെ ലില്ലെക്കെതിരെ വിജയം നേടിയെങ്കിലും ടീമിന്റെ പ്രകടനം ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ലെന്ന അഭിപ്രായവുമായി ക്ലബ് സ്പോർട്ടിങ് ഡയറക്ടർ ലിയാനാർഡോ രംഗത്തെത്തി.
Angel Di Maria leads late PSG comeback as Leonardo labels Mauricio Pochettino critics ‘too much’ - https://t.co/UvUaPH4KGw - For @CBSSportsGolazo. #PSGLOSC
— Jonathan Johnson (@Jon_LeGossip) October 29, 2021
"ഞങ്ങൾ ഇനിയും മെച്ചപ്പെടണം, അതു തീർച്ചയാണ്. എന്നാൽ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇതു സാധാരണവുമാണ്. ട്രാൻസ്ഫർ ജാലകത്തിൽ വൈകിയെത്തിയ താരങ്ങൾക്കു പുറമെ വലിയ മാറ്റങ്ങളും ടീമിലുണ്ടായി. ഞങ്ങൾ എത്തേണ്ടയിടത്തല്ല ഞങ്ങളുള്ളത്. പക്ഷെ ഈ ടീം കഠിനാധ്വാനം ചെയ്യുന്നു, അതു വളരെ പ്രധാനമാണ്," ലിയനാർഡോ മത്സരത്തിനു ശേഷം പറഞ്ഞു.
ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ മെസിക്ക് ഇതുവരെയും കഴിയാത്തതിനെക്കുറിച്ചും ലിയനാർഡോ പറഞ്ഞു. "മെസി ഇവിടെ ചിലവഴിച്ചതിനേക്കാൾ ഒരുപാട് സമയം ദേശീയ ടീമിനൊപ്പം ചിലവഴിച്ചിട്ടുണ്ട്. നെയ്മർ പഴയതു പോലെത്തന്നെ തുടരുന്നു, ഇന്നു മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഡി മരിയക്കൊപ്പം ചേർന്ന് അവർ നിർണായക പ്രകടനമാണ് നടത്തിയത്. ഞാൻ ഒന്നിനെ പറ്റിയും ആശങ്കാകുലനല്ല," അദ്ദേഹം വ്യക്തമാക്കി.
ടീമിലെ സൂപ്പർതാരങ്ങൾക്കും പരിശീലകൻ പോച്ചട്ടിനോക്കും എതിരേയുണ്ടാകുന്ന വിമർശനങ്ങൾ ന്യായമല്ലെന്നും ലിയനാർഡോ പറഞ്ഞു. സെൽഫ് പ്രമോഷനു വേണ്ടിയാണ് പലരും പിഎസ്ജിയെ വിമർശിക്കുന്നതെന്നും രണ്ടാം സ്ഥാനത്തുള്ള ടീമിനെക്കാൾ പത്തു പോയിന്റ് മുന്നിൽ നിൽക്കുന്ന ടീം ആഗ്രഹിച്ച രീതിയിലുള്ള പ്രകടനമല്ല നടത്തുന്നതെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ലിയനാർഡോ അഭിപ്രായപ്പെട്ടു.