ലയണൽ മെസി ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ല; ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി

ജൂൺ അവസാനത്തോടെ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പു വെക്കില്ല. അല്പം മുൻപ് കറ്റാലൻ ക്ലബ്ബ് തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ലോകത്തെമ്പാടുമുള്ള മുഴുവൻ ബാഴ്സലോണ, മെസി ആരാധകർക്കും വലിയ ഞെട്ടൽ സമ്മാനിക്കുന്ന വാർത്തയാണിത്.
പുതിയ കരാറിൽ ഒപ്പുവെക്കുന്ന കാര്യത്തിൽ മെസിയും, ബാഴ്സലോണയും തമ്മിൽ ധാരണയിലെത്തിയിരുന്നുവെങ്കിലും സാമ്പത്തികപരവും, ഘടനാപരവുമായ തടസങ്ങൾ മൂലം ഈ കരാർ സംഭവിക്കില്ല എന്നാണ് ബാഴ്സലോണ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. കളികാരന്റേയും, ക്ലബ്ബിന്റേയും ആഗ്രഹങ്ങൾ അത്യന്തികമായി നിറവേറ്റപ്പെടാത്തതിൽ ഇരു കക്ഷികളും അഗാധമായി ഖേദിക്കുന്നുവെന്ന് പ്രസ്താവനയിൽ കുറിച്ച ബാഴ്സലോണ, ക്ലബ്ബിന്റെ പുരോഗതിക്ക് മെസി നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതായും, ഭാവിയിലേക്ക് എല്ലാവിധ ആശംസകൾ നേരുന്നതായും കൂട്ടിച്ചേർത്തു.
ജൂലൈ ഒന്നാം തീയതി മുതൽ ഫ്രീ ഏജന്റായിരുന്ന മെസി ബാഴ്സലോണയുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയെന്നും ക്ലബ്ബ് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തന്റെ പ്രതിഫലം 50 ശതമാനം കുറക്കാൻ തയ്യാറായെന്നുമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമായിരുന്നു. എന്നാൽ എന്ത് തന്നെ സംഭവിച്ചാലും മെസി ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന് വിശ്വസിച്ചിരുന്ന ഫുട്ബോൾ ലോകത്തെ മുഴുവൻ സ്തബ്ധരാക്കുന്നതാണ് താരം ക്ലബ്ബിൽ തുടരില്ലെന്ന ബാഴ്സലോണയുടെ ഈ ഔദ്യോഗിക സ്ഥിരീകരണം. ബാഴ്സലോണയിൽ തുടരില്ലെന്ന് ഉറപ്പായ മെസിയുടെ അടുത്ത തട്ടകം ഏതായിരിക്കുമെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ലെങ്കിലും, പിഎസ്ജിയിലേക്കോ, മാഞ്ചസ്റ്റർ സിറ്റിയിലേക്കോ താരം ചേക്കാറാനാണ് കൂടുതൽ സാധ്യതകൾ.
LATEST NEWS | Leo #Messi will not continue with FC Barcelona
— FC Barcelona (@FCBarcelona) August 5, 2021
ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിലൊരാളായ മെസിയാണ് നിലവിൽ ബാഴ്സലോണയുടേയും, ലാലീഗയിലേയും ടോപ് സ്കോറർ. ബാഴ്സലോണക്കായി കളിച്ച 778 മത്സരങ്ങളിൽ 672 ഗോളുകൾ സ്കോർ ചെയ്ത മെസി 305 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.