Football in Malayalam

മെസിക്ക് ഇനി ഒന്നും തെളിയിക്കാനില്ല; ഏറ്റവും മികച്ചവനാകാൻ മെസിക്ക് അന്താരാഷ്ട്ര കിരീടം വേണമെന്ന വാദം തള്ളി മൂസോ

Gokul Manthara
Nigeria v Argentina: Group D - 2018 FIFA World Cup Russia
Nigeria v Argentina: Group D - 2018 FIFA World Cup Russia / Alex Livesey/Getty Images
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസി‌. ക്ലബ്ബ് ഫുട്ബോളിൽ സാധ്യമായ ഒരുവിധം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞ ഈ അർജന്റൈൻ താരത്തിന് പക്ഷേ അന്താരാഷ്ട്ര ഫുട്ബോളിൽ ഒളിമ്പിക് സ്വർണം മാത്രമാണ് എടുത്തു പറയാനുള്ളത്. പ്രധാന അന്താരാഷ്ട്ര കിരീടങ്ങളൊന്നും നേടാനാവാത്തത് മെസിയുടെ ഫുട്ബോൾ കരിയറിനെ അപൂർണമാക്കുന്നുവെന്നും, മെസി എക്കാലത്തെയും മികച്ച താരമാകണമെങ്കിൽ ഒരു പ്രധാന അന്താരാഷ്ട്ര കിരീടം നേടേണ്ടതുണ്ടെന്നുമുള്ള വാദങ്ങൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശക്തവുമാണ്.

എന്നാൽ ഇപ്പോളിതാ ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളികാരനാണ് താനെന്ന് സ്വയം തെളിയിക്കാൻ മെസി ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റ് ജയിക്കേണ്ടതുണ്ടെന്ന വാദത്തോട് വിയോജിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉഡിനീസിന്റെ അർജന്റൈൻ ഗോൾകീപ്പറായ ജുവാൻ മൂസോ. തന്റെ അഭിപ്രായത്തിൽ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം മെസിയാണെന്ന് മൂസോ പറയുന്നു. തന്റെ മഹത്വം തെളിയിക്കാൻ മെസിക്ക് ഇനിയൊന്നും നേടേണ്ടതില്ലെന്നും ഗോൾ ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ അർജന്റൈൻ ഗോൾകീപ്പർ കൂട്ടിച്ചേർത്തു‌.

"പ്രധാന അന്താരാഷ്ട്ര കിരീടങ്ങളിലൊന്ന് നേടിയാൽ മാത്രമേ മെസി ഏറ്റവും മികച്ചവനാകൂ എന്ന് പറയുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. താൻ മികച്ചവനാണെന്ന് കാണിക്കാൻ മെസിക്ക് ഇനി മറ്റൊന്നും നേടേണ്ട ആവശ്യമില്ല. മൂന്ന് ഫൈനലുകളിൽ‌(രണ്ട് കോപ്പ അമേരിക്ക, ഒരു ലോകകപ്പ്) അദ്ദേഹം നന്നായി കളിച്ചു, ഒപ്പം ടീമും. എന്നാൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല.".

" മെസി ദേശീയ ടീമിനായി എല്ലായ്പ്പോളും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എക്കാലത്തെയും മികച്ച താരമാണ്. അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചാലേ അദ്ദേഹം മികച്ചവനാകൂ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. തെളിയിക്കാൻ ഇനി ഒന്നും തന്നെ അദ്ദേഹത്തിന് ബാക്കിയില്ല." മൂസോ പറഞ്ഞു നിർത്തി‌.

facebooktwitterreddit