ആർ ബി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസി കളിക്കുന്ന കാര്യം സംശയത്തിൽ; പിഎസ്ജിക്ക് കനത്ത തിരിച്ചടി

By Gokul Manthara
Paris Saint-Germain v Lille OSC - Ligue 1
Paris Saint-Germain v Lille OSC - Ligue 1 / John Berry/GettyImages
facebooktwitterreddit

പരിക്കിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ലില്ലെക്കെതിരെ നടന്ന ലീഗ് വൺ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം സബ് ചെയ്യപ്പെട്ട പിഎസ്ജി സൂപ്പർ താരം ലയണൽ മെസി, അടുത്ത ദിവസം ആർ ബി ലെപ്സിഗിനെതിരെ നടക്കാനിരിക്കുന്ന‌ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിൽ. ഫ്രഞ്ച് ക്ലബ്ബിനും ആരാധകർക്കും വലിയ ആശങ്ക സമ്മാനിക്കുന്ന വാർത്തയാണിത്.

നേരത്തെ ലില്ലെക്കെതിരെ നടന്ന മത്സരത്തിനിടെ പേശികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ട മെസിക്ക് കാൽമുട്ടിൽ ചെറിയ പ്രഹരവുമേറ്റിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ സൂപ്പർ താരത്തിന്റെ ഈ രണ്ട് പ്രശ്നങ്ങളും പിഎസ്ജിയുടെ വൈദ്യ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സൂചനകൾ.

ഫിസിയോതെറാപ്പിസ്റ്റിനൊപ്പം സമയം ചിലവഴിക്കുന്നതിന് പകരം ടീമിലെ മറ്റുള്ളവരിൽ നിന്ന് മാറി നിന്ന് ഞായറാഴ്ച പരിശീലനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്ജി ശക്തമായ നിലയിലായതിനാൽ മെസിയുടെ കാര്യത്തിൽ റിസ്കെടുക്കാൻ പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോ തയ്യാറാവില്ലെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ വരുന്ന ഞായറാഴ്ച ബോർഡ്യൂക്സിനെതിരെ നടക്കാനിരിക്കുന്ന ലീഗ് വൺ മത്സരത്തിലാകും മെസി പിഎസ്ജി ജേഴ്സിയിലേക്ക് മടങ്ങിയെത്തുക.

അതേ സമയം ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എ യിൽ കളിക്കുന്ന പാരീസ് സെന്റ് ജെർമ്മൻ നിലവിൽ 3 മത്സരങ്ങളിൽ 7 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെയടക്കം അവർ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തി. വരുന്ന വ്യാഴാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് ആർ ബി ലെപ്സിഗിനെതിരായ അവരുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടം നടക്കുക.

facebooktwitterreddit