റൊണാൾഡ് കൂമാന് തന്നോടുണ്ടായിരുന്ന മനോഭാവം ലയണൽ മെസിക്ക് പോലും മനസിലായിരുന്നില്ലെന്ന് മിറാലം പ്യാനിച്ച്

ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാനുമായുള്ള തന്റെ മോശം ബന്ധത്തെ ക്കുറിച്ച് ഒരിക്കൽക്കൂടി മനസ് തുറന്ന് ബോസ്നിയൻ മധ്യനിര താരം മിറാലം പ്യാനിച്ച്. കൂമാൻ തന്നോട് അനാദരവ് കാട്ടിയെന്നും, കരിയറിൽ ഇതിന് മുൻപൊരിക്കലും തനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ലെന്നും നേരത്തെ തുറന്ന് പറഞ്ഞിരുന്ന പ്യാനിച്ച് കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർടിനോട് സംസാരിക്കവെ കൂമാനോട് തന്നോടുള്ള മനോഭാവത്തെക്കുറിച്ച് വീണ്ടും തുറന്ന് പറയുകയായിരുന്നു.
തന്നോടുള്ള കൂമാന്റെ മനോഭാവം മറ്റാർക്കും മനസിലാക്കാൻ കഴിയാത്തതായിരുന്നുവെന്ന് പറഞ്ഞ പ്യാനിച്ച്, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് തന്നോട് പല തവണ ചോദിച്ചിട്ടുള്ള ലയണൽ മെസിക്ക് പോലും കൂമാന് തന്നോടുള്ള മനോഭാവം മനസിലാക്കാനായില്ലെന്നും കൂട്ടിച്ചേർത്തു.
അതേ സമയം ബാഴ്സലോണയിലെത്തുന്നതിന് മുൻപ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന്റെ താരമായിരുന്നു പ്യാനിച്ച്. ഈ സമയം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാഴ്സയിലെത്തിയതോടെ മെസിക്കൊപ്പവും പ്യാനിച്ചിന് പന്തു തട്ടാനായി.അങ്ങനെ റൊണാൾഡോക്കും മെസിക്കുമൊപ്പം ഒരുമിച്ച് കളിക്കുന്ന താരമെന്ന അപൂർവ്വ നേട്ടവും പ്യാനിച്ചിന് സ്വന്തമായി. ഇതേക്കുറിച്ചും സംസാരത്തിനിടെ പ്യാനിച്ച് മനസ് തുറന്നു. മെസിക്കും റൊണാൾഡോക്കുമൊപ്പം കളിക്കുന്നത് ഒരു കിരീത്തിന്റെയത്ര തന്നെ വിലമതിക്കുന്നുവെന്ന് പറയുന്ന പ്യാനിച്ച്, താൻ വളരെ ഭാഗ്യവാനാണെന്നും ഇതിനൊപ്പം കൂട്ടിച്ചേർത്തു.
""മെസിക്കും, റൊണാൾഡോക്കുമൊപ്പം കളിക്കുന്നത് ഒരു കിരീടത്തിന്റെയത്രതന്നെ വിലമതിക്കുന്ന കാര്യമാണ്. ഞാൻ വളരെയധികം ഭാഗ്യവാനാണ്." "
- മിറാലം പ്യാനിച്ച്
Pjanic: Messi did not understand Koeman's attitude to me https://t.co/l8wZx4ZOYg
— SPORT English (@Sport_EN) September 11, 2021
അതേ സമയം ലോകഫുട്ബോളിലെത്തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി യുവന്റസിൽ തിളങ്ങി നിന്ന സമയത്തായിരുന്നു 2020ൽ മിറാലം പ്യാനിച്ച് കാറ്റലൻ ക്ലബ്ബിലേക്കെത്തിയത്. ഒട്ടേറെ പ്രതീക്ഷകളുമായി ക്ലബ്ബിലെത്തിയെങ്കിലും കരുതിയിരുന്നത് പോലുള്ള വരവേൽപ്പല്ല അദ്ദേഹത്തിന് അവിടെ ലഭിച്ചത്. കാര്യമായ അവസരങ്ങളും ബാഴ്സലോണ ജേഴ്സിയിൽ ലഭിക്കാതെ പോയ താരത്തിന് ആകെ 19 ലാലീഗ മത്സരങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ സീസണിൽ കളിക്കാനായത്. ഇതിനൊപ്പം പരിശീലകൻ റൊണാൾഡ് കൂമാനുമായുള്ള ബന്ധവും മോശമായതോടെ ക്ലബ്ബ് ഇക്കുറി താരത്തെ തുർക്കിഷ് ക്ലബ്ബായ ബെസിക്തസിലേക്ക് ലോണിൽ കളിക്കാൻ അയക്കുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.