Football in Malayalam

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കനത്ത പോരാട്ടം, ലെസ്റ്റർ, ചെൽസി, ലിവർപൂൾ എന്നിവരുടെ സാധ്യതകളിങ്ങനെ

Sreejith N
Liverpool v Chelsea - Premier League
Liverpool v Chelsea - Premier League / Getty Images/Getty Images
facebooktwitterreddit

പ്രീമിയർ ലീഗിൽ രണ്ട് റൗണ്ട്‌ മത്സരങ്ങൾ മാത്രം ശേഷിക്കെ, ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും, രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും മാത്രമേ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുള്ളൂ. ടോപ് ഫോറിലെ ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി കടുത്ത പോരാട്ടമാണ് ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ നടക്കുന്നത്.

പ്രീമിയർ ലീഗിൽ 36 മത്സരങ്ങൾ കളിച്ച് 66 പോയിന്റുമായി ലെസ്റ്റർ സിറ്റിയും, 64 പോയിന്റുമായി ചെൽസിയുമാണ് മൂന്നും, നാലും സ്ഥാനങ്ങളിലുള്ളത്. ഇത്രയും മത്സരങ്ങൾ കളിച്ച് 63 പോയിന്റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്തു നിൽക്കുന്നതു കൊണ്ട് മൂന്ന് ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ആറും ഏഴും സ്ഥാനങ്ങളിലുള്ള ടോട്ടൻഹാമിനും, വെസ്റ്റ്ഹാമിനും നേരിയ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യതകൾ ഉണ്ടെങ്കിലും, അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇവർക്ക് ടോപ് ഫോറിൽ സീസൺ പൂർത്തിയാക്കാൻ കഴിയൂ.

കഴിഞ്ഞ സീസണിൽ പടിക്കൽ കലമുടച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ട ലെസ്റ്ററിന് ബാക്കിയുള്ള മത്സരങ്ങളിൽ കരുത്തരായ എതിരാളികളെയാണ് നേരിടേണ്ടത്. അടുത്ത മത്സരം ചെൽസിക്കെതിരെയാണെങ്കിൽ, അവസാനം മത്സരം ടോട്ടൻഹാമിനെതിരെയാണ്. ഈ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റ് നേടിയാൽ, മറ്റു ടീമുകളുടെ റിസൾട്ടിനെ ആശ്രയിക്കാതെ ലെസ്റ്ററിനു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം.

അതേ സമയം, ഫ്രാങ്ക് ലംപാർഡിൽ നിന്നും തോമസ് ടുഷെൽ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ടോപ് ഫോറിലേക്ക് എത്തിയ ചെൽസി നിലവിൽ മികച്ച ഫോമില്ല. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലാത്ത ആഴ്‌സണലിനോട് തോറ്റ നീലപ്പട, അതിനു പിന്നാലെ നടന്ന എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്ററിനോടും തോൽവിയേറ്റു വാങ്ങി.

പ്രീമിയർ ലീഗിൽ ഇനി രണ്ടു മത്സരങ്ങൾ ബാക്കിയുള്ള ചെൽസിക്ക് ഈ രണ്ടു മത്സരങ്ങളിൽ നേരിടേണ്ടി വരുന്നത് കരുത്തരായ ലെസ്റ്റർ, ആസ്റ്റൺ വില്ല എന്നീ ടീമുകളെയാണ്. ഇതിൽ വില്ലക്കെതിരായ മത്സരം എവേ ആണെന്നത് ചെൽസിയുടെ ടോപ് ഫോർ സാധ്യതകളെ ദുഷ്കരമാക്കുന്നു. ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ പോലും പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ ചെൽസിയുടെ നില പരുങ്ങലിലാകും.

അതേസമയം ഇനിയുള്ള മത്സരങ്ങളിൽ നേരിടാനുള്ളത് ബേൺലി, ക്രിസ്റ്റൽ പാലസ് എന്നിങ്ങനെ താരതമ്യേനെ ദുർബലരെ ആണെന്നത് ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകളെ വർധിപ്പിക്കുന്നു. പോയിന്റ് പട്ടികയിൽ ലിവർപൂളിന് മുന്നിലുള്ള ലെസ്റ്ററും ചെൽസിയും നേർക്കുനേർ വരുന്നതിനാൽ, ഇവരിൽ ഒരു ടീമെങ്കിലും പോയിന്റ് നഷ്ടപ്പെടുത്തുമെന്നതും ലിവർപൂളിന് അനുകൂലഘടകമാണ്.

ലിവർപൂളും ചെൽസിയും തങ്ങളുടെ ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കുകയും, ലെസ്റ്റർ ചെൽസിക്കെതിരെ തോൽക്കുകയും, ടോട്ടൻഹാമിനെതിരെ വിജയിക്കുകയും ചെയ്താൽ, മൂന്നാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കുക ചെൽസിയാകും. അപ്പോൾ, നാലാം സ്ഥാനത്തേക്ക് വരുക ലിവർപൂൾ, ലെസ്റ്റർ എന്നിവരിൽ മികച്ച ഗോൾ ഡിഫറൻസ് ഉള്ളവരാവും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit