Football in Malayalam

കാൽവിൻ ഫിലിപ്സിനെ നോട്ടമിട്ട് 4 വമ്പൻ ക്ലബ്ബുകൾ; റെക്കോർഡ് പ്രതിഫലത്തിൽ താരത്തെ ഒപ്പം നിർത്താൻ ലീഡ്സിന്റെ നീക്കം

By Gokul Manthara
Leeds United v Liverpool - Premier League
Leeds United v Liverpool - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ഇംഗ്ലീഷ് മധ്യനിര താരം കാൽവിൻ ഫിലിപ്സുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെക്കാൻ ഇംഗ്ലീഷ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിന് താല്പര്യമെന്നും, ഇതിനായുള്ള ചർച്ചകൾ ആരംഭിക്കാൻ അവർ തയ്യാറാണെന്നും സൂചന. നേരത്തെ ലീഡ്സ് ചാമ്പ്യൻഷിപ്പിൽ കളിച്ചു കൊണ്ടിരുന്ന ‌2019 ലായിരുന്നു ഫിലിപ്സ് ക്ലബ്ബുമായുള്ള കരാർ അഞ്ച് വർഷത്തേക്ക് നീട്ടിയത്. ഈ കരാറിൽ ഇനിയും മൂന്ന് വർഷം കൂടി അവശേഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിലൊരാളായ ഫിലിപ്സ് ദീർഘകാലം തങ്ങൾക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ലീഡ്സ് അതു കൊണ്ട് അധികം വൈകാതെ അദ്ദേഹവുമായി പുതിയ കരാറിൽ ഒപ്പിടാൻ ആഗ്രഹിക്കുന്നുവെന്നാണ് 90Min മനസിലാക്കുന്നത്.

ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കുകയാണെങ്കിൽ ഫിലിപ്സിന്റെ പ്രതിവാര ശമ്പളം ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതിലും ഇരട്ടിയാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ലീഡ്സിൽ ഏറ്റവുമധികം ശമ്പളം കൈപ്പറ്റുന്ന താരവും, 100,000 പൗണ്ട് പ്രതിവാര ശമ്പളം പറ്റുന്ന ആദ്യ കളികാരനുമായി ഈ ഇരുപത്തിയഞ്ചുകാരൻ മാറിയേക്കും. നിലവിൽ 70,000 പൗണ്ടിനടുത്ത് പ്രതിവാശ ശമ്പളം ലഭിക്കുന്ന റാഫീഞ്ഞയും, പാട്രിക് ബംഫോർഡുമാണ് ലീഡ്സിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്നവർ.

ക്ലബ്ബിൽ പുതിയ കരാറിൽ ഒപ്പിടാൻ ഫിലിപ്സും ആഗ്രഹിക്കുന്നുണ്ടെന്നും അക്കാര്യത്തിൽ ക്ലബ്ബുമായി ചർച്ച നടത്താൻ താരം തയ്യാറാണെന്നുമാണ് 90 Minന് ലഭിക്കുന്ന വിവരം. എന്നാൽ ക്ലബ്ബിൽ നിൽക്കാൻ ഉയർന്ന പ്രതിഫലം താരം ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകൾ.

അതേ സമയം ഇംഗ്ലണ്ട് ദേശീയ ടീമിൽ പരിശീലകൻ ഗരത് സൗത്ത്ഗേറ്റിന്റെ ഇഷ്ടതാരങ്ങളിൽ ഒരാളായ കാൽവിൻ ഫിലിപ്സ്, ടീമിന്റെ യൂറോ ഫൈനൽ പ്രവേശനത്തിന് പിന്നിലും നിർണായക പങ്ക് വഹിച്ചിരുന്നു. ക്ലബ്ബ് ഫുട്ബോളിലും സമീപകാലത്തായി മികച്ച ഫോമിലുള്ള താരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവർക്കും നോട്ടമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും അദ്ദേഹം പുതിയ കരാറിൽ ഒപ്പുവെച്ച് ലീഡ്സിൽ തുടരാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്.

facebooktwitterreddit