മുൻ ബാഴ്സലോണ പരിശീലകൻ ഏർണെസ്റ്റോ വാൽവെർദെ പ്രീമിയർ ലീഗ് ക്ലബിലേക്ക്


ബാഴ്സലോണ പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം ഇതുവരെ ഒരു ടീമിനെയും മാനേജരാവാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലാത്ത ഏർണെസ്റ്റോ വാൽവെർദെ ഈ സീസണു ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ സാധ്യത. പ്രീമിയർ ലീഗ് ക്ലബായ ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഈ സീസണു ശേഷം വാൽവെർദെ ഏറ്റെടുക്കുമെന്ന് ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു.
ലീഡ്സ് യുണൈറ്റഡിനെ ചാമ്പ്യൻഷിപ്പ് ജേതാക്കളാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വീണ്ടുമെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വിഖ്യാത പരിശീലകൻ മാഴ്സലോ ബിയൽസയുടെ കരാർ ജൂണിൽ അവസാനിക്കുമ്പോൾ അദ്ദേഹം ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പകരക്കാരനായി ക്ലബ് പരിഗണിക്കുന്നത് മുൻ ബാഴ്സ പരിശീലകനെയാണ്.
Three candidates in frame to replace Marcelo Bielsa as Leeds manager if he leaves this summer | @mcgrathmike https://t.co/D8DGCFOceg
— Telegraph Football (@TeleFootball) February 10, 2022
ലീഡ്സിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചെങ്കിലും ഈ സീസണിൽ ടീമിന്റെ പ്രകടനം വളരെ മോശമാണ്. ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും ഇരുപത്തിമൂന്നു പോയിന്റ് മാത്രം നേടിയ ലീഡ്സ് നിലവിൽ പോയിന്റ് ടേബിളിൽ പതിനഞ്ചാം സ്ഥാനത്താണ്.
ഈ സീസണിൽ ലീഡ്സ് തരം താഴ്ത്തൽ മേഖലയിലേക്ക് വരെ ഇറങ്ങാം എന്നിരിക്കെയാണ് ബിയൽസക്കു പകരക്കാരനെ കണ്ടെത്തുന്ന കാര്യം ക്ലബ് നേതൃത്വം പരിഗണിക്കുന്നത്. വാൽവെർദെക്കു പുറമെ ജെസ്സെ മാർഷ്, കാർലോസ് കോർബെറാൻ, ഡീഗോ മാർട്ടിനസ് എന്നിവരെയും ലീഡ്സ് പരിഗണിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.