മാഴ്‌സലോ ബിയൽസയുമായി വേർപിരിഞ്ഞ് ലീഡ്സ് യുണൈറ്റഡ്

മാഴ്‌സലോ ബിയൽസയെ ക്ലബ് പരിശീലകസ്ഥാനത്ത് നിന്ന് നീക്കം ചെയ്‌ത് ലീഡ്സ് യുണൈറ്റഡ്. സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് ബിയൽസയുമായി വേർപിരിയാനുള്ള തീരുമാനം ലീഡ്സ് കൈക്കൊണ്ടത്. ഔദ്യോഗിക പ്രസ്‌താവനയിലൂടെ ലീഡ്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അവസാനമായി കളിച്ച 6 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 5ലും പരാജയം ഏറ്റുവാങ്ങിയ ലീഡ്സ്, നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 16ആം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ 4-0ത്തിന്റെ നാണം കെടുത്തുന്ന പരാജയം ലീഡ്സ് ഏറ്റുവാങ്ങിയതിന് പിന്നാലെ, ക്ലബ് പരിശീലകസ്ഥാനത്ത് അദ്ദേഹത്തെ നീക്കം ചെയ്യുമെന്ന് 90min റിപ്പോർട്ട് ചെയ്‌തിരുന്നു.
2018ൽ ലീഡ്സ് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ബിയൽസക്ക് കീഴിൽ ക്ലബ് 2020ൽ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടിയിരുന്നു. പ്രീമിയർ ലീഗിലേക്ക് തിരിച്ചുവന്നതിന് ശേഷമുള്ള ആദ്യ സീസണിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ലീഡ്‌സിന് കഴിഞ്ഞിരുന്നു. എന്നാൽ, ആ മികവ് ഈ സീസണിൽ നിലനിറുത്താൻ ലീഡ്‌സിന് കഴിഞ്ഞില്ല. 26 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുകൾ മാത്രം ഉള്ള ലീഡ്സ്, തരംതാഴ്ത്തൽ മേഖലക്ക് അരികെയാണ്.
അതേ സമയം, മുൻ ആർബി ലെപ്‌സിഗ് പരിശീലകൻ ജെസ്സെ മാർഷിനാണ് അടുത്ത ലീഡ്സ് പരിശീലകനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.