ലീഡ്സ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തൽ ഒഴിവാക്കിയപ്പോൾ മൈതാനം മുഴുവൻ മുട്ടിലിഴഞ്ഞു നടന്ന് റഫിന്യ


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെടുന്നതിന്റെ അരികിലെത്തിയെങ്കിലും ഇന്നലെ ബ്രെന്റ്ഫോഡിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ അടുത്ത സീസണിലും ലീഡ്സ് പ്രീമിയർ ലീഗിൽ തന്നെയുണ്ടാകും എന്ന് തീർച്ചയായി. ജാക്ക് ഹാരിസൺ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ 1-2ന്റെ വിജയം നേടിയ ലീഡ്സ് തരം താഴ്ത്തൽ മേഖലക്ക് തൊട്ടു മുകളിൽ പതിനേഴാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.
നിർണായക മത്സരത്തിൽ നേടിയ വിജയത്തിനു ശേഷം ക്ലബിന്റെ പ്രധാനതാരമായ റഫിന്യ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. മത്സരത്തിൽ വിജയിച്ചതിനു ശേഷം ബ്രെന്റഫോഡിന്റെ മൈതാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ താരം മുട്ടിലിഴഞ്ഞു നടന്നിരുന്നു. സൗത്ത് അമേരിക്കയിലുള്ള ഒരു വിശ്വാസത്തിന്റെ ഭാഗമായാണ് താരം ഈ പ്രവൃത്തി ചെയ്തത്.
Raphinha walked the length of the pitch on his knees after Leeds managed to stay in the Premier League.
— ESPN FC (@ESPNFC) May 23, 2022
Someone answered his prayers ?
(via @DaveKWilliams)pic.twitter.com/G7cKmI8mPC
ലീഡ്സ് വിജയം നേടിയതിനു ശേഷം സുരക്ഷാഭടന്മാരെ അതിജീവിച്ച് ഗ്യാലറിയിലേക്ക് ഓടിക്കയറിയ റഫിന്യ തന്റെ പങ്കാളിയായ ടായിയക്കൊപ്പവും ആരാധകർക്കൊപ്പവുമാണ് വിജയം ആഘോഷിച്ചത്. അതിനു ശേഷം മൈതാനത്തെത്തിയ താരം ഒരറ്റം മുതൽ മറ്റേയറ്റം വരെ മുട്ടിൽ നടക്കുകയായിരുന്നു. ദൈവം നടത്തിത്തന്ന ഒരാഗ്രഹത്തിന് തിരിച്ചു നൽകാൻ ഈ പ്രവൃത്തി കൊണ്ടു കഴിയുമെന്നാണ് സൗത്ത് അമേരിക്കയിലുള്ള വിശ്വാസം.
മത്സരത്തിൽ ലീഡ്സിന്റെ ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെ റഫിന്യ തന്നെയാണ് നേടിയത്. അതേസമയം ലീഡ്സ് പ്രീമിയർ ലീഗിൽ തന്നെ തുടരുമെങ്കിലും റഫിന്യ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ താരം ബാഴ്സലോണക്കു വേണ്ടി കളിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.