പിഎസ്‌ജിയുടെ അനുമതിയില്ലെങ്കിലും പരഡെസ് അർജന്റീന ടീമിനൊപ്പം ചേരും

Sreejith N
Gustavo Pagano/GettyImages
facebooktwitterreddit

പിഎസ്‌ജി നേതൃത്വം അനുമതി നൽകിയില്ലെങ്കിലും മധ്യനിര താരം ലിയാൻഡ്രോ പരഡെസ് ഈ മാസത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനൊപ്പം ചേരും. പരിക്കിന്റെ പിടിയിലുള്ള പരഡെസ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്‌ച പിഎസ്‌ജി പരിശീലകനായ മൗറിസിയോ പോച്ചട്ടിനോയും ഇത് തന്നെയാണ് വ്യക്തമാക്കിയത്.

അതേസമയം പരഡെസ് അർജന്റീന ടീമിനൊപ്പം ചേരുന്നത് പിഎസ്‌ജി നേതൃത്വത്തിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാണെന്ന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്‌തു. പരിക്കിന്റെ പിടിയിൽ നിന്നും മുക്തരാവുന്ന ഘട്ടത്തിലുള്ള താരങ്ങൾ കായിക ക്ഷമത വീണ്ടെടുക്കാതെ ദേശീയ ടീമിനൊപ്പം ചേരുന്നത് തടയാൻ ഫിഫ നിയമം കൊണ്ടു വരണമെന്നും ലിയനാർഡോ ലെ പാരിസിയനോട് പറഞ്ഞു.

നിലവിൽ പരിക്കിന്റെ പിടിയിലുള്ള രണ്ടു താരങ്ങളാണ് പിഎസ്‌ജിയിൽ നിന്നും അർജന്റീന ടീമിനൊപ്പം ചേരുന്നത്. ലയണൽ മെസി ഫിറ്റ്നസ് വീണ്ടെടുക്കുമെന്നു കരുതുന്ന ദിവസം ഇന്റർനാഷണൽ ബ്രേക്കിന്റെ ഇടയിലായതു കൊണ്ട് താരം ചിലപ്പോൾ അർജന്റീനക്കു വേണ്ടി കളിച്ചേക്കുമെന്ന് പോച്ചട്ടിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പരഡെസിന്റെ കാര്യത്തിൽ അങ്ങിനെയല്ലെന്നതു കൊണ്ടാണ് താരം ദേശീയ ടീമിനൊപ്പം ചേരുന്നതിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുന്നത്.

ഈ മാസം രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. നവംബർ 12, 16 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ യുറുഗ്വായ്, ബ്രസീൽ എന്നീ കരുത്തരാണ് അർജന്റീനയുടെ എതിരാളികൾ. 2019 കോപ്പ അമേരിക്ക സെമി ഫൈനലിനു ശേഷം പിന്നീട് തോൽവി അറിഞ്ഞിട്ടില്ലാത്ത അർജന്റീനക്ക് അപരാജിത കുതിപ്പ് നീട്ടാനുള്ള ഒരു അവസരം എന്നതിനു പുറമെ ലോകകപ്പ് യോഗ്യത നേടാനും ഈ മത്സരങ്ങളിലെ വിജയത്തിലൂടെ കഴിയും.

facebooktwitterreddit