Football in Malayalam

പിഎസ്‌ജിയിൽ തൃപ്‌തനാണ്, ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് പരഡെസ്

Sreejith N
RC Lens v Paris Saint Germain - Ligue 1 Uber Eats
RC Lens v Paris Saint Germain - Ligue 1 Uber Eats / Sylvain Lefevre/GettyImages
facebooktwitterreddit

വരാനിരിക്കുന്ന വിന്റർ ജാലകത്തിലോ അല്ലെങ്കിൽ സമ്മറിലോ പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പരഡെസ്. 2023 വരെ ഫ്രഞ്ച് ക്ലബുമായി കരാറുള്ള താരം ഇറ്റാലിയൻ ക്ലബുകളിലേക്കു ചേക്കേറാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ കുറച്ചു ദിവസങ്ങളായി ശക്തമായി ഉയരുന്നുണ്ടെങ്കിലും അതിനെ നിഷേധിച്ച താരം പിഎസ്‌ജിയിൽ സംതൃപ്തനാണെന്ന് അറിയിച്ചു.

"ഞാൻ പാരീസിൽ സന്തോഷവാനാണ്, ക്ലബിനൊപ്പവും ഈ നഗരത്തിലും സന്തോഷവാനാണ്. ഇവിടെ വർഷങ്ങളോളം വീണ്ടും തുടരാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. മറ്റു ക്ലബുകളോട് ഞങ്ങൾക്ക് അസൂയയില്ല. ഞാൻ വളരെ വലിയൊരു ക്ലബിലാണുള്ളത്, ഇവിടുത്തെ ലക്ഷ്യങ്ങളും വലുതാണ്. അവ നേടിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരും ഇവിടെയുണ്ട്."

"ഞാൻ ക്ലബിനൊപ്പം തുടരുമോയെന്ന കാര്യം പക്ഷെ എനിക്ക് അറിയില്ല. സ്‌പോർട് ഡയറക്റ്ററുമായും കോച്ചുമായും ഞാൻ സംസാരിച്ചിരുന്നു, അവർ സന്തുഷ്ടനാണ്. എനിക്ക് ക്ലബ് വിടണമെന്ന രീതിയിൽ വാർത്തകൾ വന്നത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല, ഇവിടെല്ലാവരും സന്തോഷത്തിലാണ്," ഇഎസ്‌പിഎൻ അർജന്റീനയോട് സംസാരിക്കുമ്പോൾ പരഡെസ് പറഞ്ഞു.

റഷ്യൻ ക്ലബായ സെനിത്തിൽ കളിച്ചിരുന്ന പരഡെസിനെ 2019ലാണ് പിഎസ്‌ജി സ്വന്തമാക്കുന്നത്. ഫ്രാൻസിൽ എത്തിയതിനു ശേഷം വളരെ മധ്യനിരയിലെ സ്ഥിരസാന്നിധ്യമായി മാറിയ താരത്തിനു പക്ഷെ പ്രകടനത്തിൽ സ്ഥിരത നിലനിർത്താൻ കഴിയുന്നില്ലെന്ന പോരായ്‌മയുണ്ട്. അതേസമയം അർജന്റീന ദേശീയ ടീമിൽ സ്‌കലോണി നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രധാന താരമാണ് പരഡെസ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit